കോഴിക്കോട്: ജില്ലയിലെ വിവിധ കോൺഗ്രസ് ഓഫീസുകൾ തകർത്തതിൽ പ്രതിഷേധിച്ച് നേതാക്കളുടെ നേതൃത്വത്തിൽ കമ്മിഷണർ ഓഫീസിന് മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തി. എ.കെ രാഘവൻ എം.പി മുഖ്യ പ്രഭാഷണം നടത്തി. പ്രതികളെ രണ്ട് ദിവസത്തിനകം പിടികൂടിയില്ലെങ്കിൽ കമ്മിഷണർ ഓഫീസിനു മുൻപിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് സിദ്ധിഖ് പറഞ്ഞു.

പിണറായിയുടെ ധിക്കാര സമീപനത്തെ പല്ലും നഖവും ഉപയോഗിച്ച് പ്രതിരോധിക്കും. സമാധാനപരമായ ചർച്ചയ്ക്ക് പൊലീസ് വഴങ്ങുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രവർത്തകർ കമ്മിഷണറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം സമരം അവസാനിപ്പിച്ചു. ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ കോൺഗ്രസ് ഓഫീസുകൾ അടിച്ച് തകർത്തതിൽ പ്രതികളെ പൊലീസ് ഇതുവരെ പിടികൂടിയില്ലെന്നും പ്രതികൾക്ക് സംരക്ഷണം നൽകുന്ന പതിവ് പരിപാടിയാണ് കൈക്കൊള്ളുന്നതെന്നും രാഘവൻ എം.പി പറഞ്ഞു. കമ്മിഷണർ ഉറപ്പ് നൽകിയതു കൊണ്ട് മാത്രമാണ് കുത്തിയിരിപ്പ് സമരം അവസാനിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ, എം.കെ മുനീർ, വി.എം നിയാസ്, അഡ്വ. പ്രവീൺ കുമാർ തുടങ്ങിയവർ പങ്കെടുത്തു.