കോഴിക്കോട്: വെഞ്ഞാറമൂടിൽ രണ്ടു ഡി.വൈ.എഫ്.ഐ പ്രവർത്തകരെ കോൺഗ്രസ് പ്രവർത്തകർ വെട്ടി കൊലപ്പെടുത്തിയതിനെ തുടർന്ന് ജില്ലയിൽ വ്യാപകമായി കോൺഗ്രസ് ഓഫീസുകൾക്ക് നേരെ അക്രമം. സി.പി.എം പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. കക്കോടി കോൺഗ്രസ് ഓഫീസ് തകർക്കുകയും കമ്പ്യൂട്ടറും ദേശീയ നേതാക്കളുടെ ഛായ ചിത്രങ്ങളും നശിപ്പിക്കുകയും ചെയ്തു. കുരുവട്ടൂരിൽ ഓഫീസിനു നേരെ കല്ലെറിഞ്ഞ് കൊടിമരം തകർത്തു. കുണ്ടായിത്തോടിൽ മുഹമ്മദ് അബ്ദുൾ റഹ്മാൻ വായനശാലയ്ക്കു നേരെ പെട്രോൾ ബോംബെറിഞ്ഞു. നാദാപുരത്തു മണ്ഡലം കോൺഗ്രസ് ഓഫിസിലേക്ക് സ്റ്റീൽ ബോംബെറിഞ്ഞു. പോയിൽകാവ്, അരിക്കുളം, നൊച്ചാട്, ചാത്തമംഗലം എന്നിവിടങ്ങളിലും ആക്രമണം ഉണ്ടായി.
സ്വർണക്കടത്തിലും കൺസൾട്ടൻസി, ലൈഫ് വിഷയങ്ങളിലും മുഖം നഷ്ടപ്പെട്ട സി.പി.എം അക്രമത്തിലൂടെ അതു വീണ്ടെടുക്കാൻ ശ്രമിക്കുകയാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ ആരോപിച്ചു. കൊലപാതകങ്ങളെ കോൺഗ്രസ് ന്യായീകരിക്കുകയോ പ്രതികളെ സംരക്ഷിക്കുകയോ ചെയ്യില്ല. കുറ്റവാളികൾക്ക് ശിക്ഷ കിട്ടണം എന്നാണ് നിലപാട്. എന്നാൽ അതിന്റെ പേരിൽ ഓഫീസുകൾ തകർക്കുന്നതും പ്രവർത്തകരെ ഭീഷണിപ്പെടുത്തുന്നതും സി.പി.എം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.