കൽപ്പറ്റ: കേരള-കർണാടക-തമിഴ്നാട് വനമേഖലകൾ അതിർത്തി പങ്കിടുന്ന നീലഗിരിയിൽ കടുവയുടെ അക്രമണത്തിൽ ആദിവാസി സ്ത്രീ മരിച്ചു. മസിനഗുഡി കുറുമ്പർ പാടിയിലെ മാതന്റെ ഭാര്യ ഗൗരി (50) ആണ് മരിച്ചത്. മുതുമല ടൈഗർ റിസർവിലെ സിംഗാര റേഞ്ചിലാണ് സംഭവം. പശുക്കളെ തീറ്റാൻ വനത്തിൽ പോയതായിരുന്നു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം സംസ്‌കരിച്ചു. കടുവയെ കണ്ടെത്തുന്നതിനായി വനത്തിനുള്ളിൽ പത്ത് നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. മൂന്നു ദിവസത്തേയ്ക്ക് ആരും വനത്തിനുള്ളിൽ പ്രവേശിക്കരുതെന്ന് വനംവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

ഗൗരിയുടെ കുടുംബത്തിന് സർക്കാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശമാണിവിടം.