നാദാപുരം: കല്ലാച്ചിയിൽ കോൺഗ്രസിന്റെ നാദാപുരം മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്. കോടതി റോഡിലുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ഓഫിസിന് നേരെ തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അജ്ഞാതർ സ്റ്റീൽ ബോംബെറിഞ്ഞത്. മുകൾഭാഗത്ത് സൺഷേഡിൽ പതിച്ച് ഉഗ്ര ശബ്ദത്തോടെ ബോംബ് പൊട്ടി. സ്‌ഫോടനത്തിൽ സൺഷേഡിന് കേടുപാടുകൾ പറ്റി. ജനൽ ചില്ലുകളും തകർന്നിട്ടുണ്ട്. തിരുവോണ ദിവസത്തിൽ ഓർക്കാപ്പുറത്തുണ്ടായ സ്‌ഫോടന ശബ്ദം കേട്ട് ടൗണിലുണ്ടായിരുന്നവരും പരിസരവാസികളും പരിഭ്രാന്തരായി. ആളുകൾ ഉടൻ തന്നെ സ്ഥലത്തെത്തിയെങ്കിലും ബോംബെറിഞ്ഞവർ സ്ഥലം വിട്ടിരുന്നു. നാദാപുരം പൊലീസും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
കെ. മുരളീധരൻ എം.പി, ജില്ലാ യു.ഡി.എഫ്. ചെയർമാൻ ബാല നാരായണൻ എന്നിവർ സന്ദർശിച്ചു. യു.ഡി.എഫ്. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ ധർണ നടത്തി. കെ.പി.സി.സി. ജനറൽ സെക്രട്ടറി പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. കെ.എം. രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. സി.വി. കുഞ്ഞികൃഷ്ണൻ, മോഹനൻ പാറക്കടവ്, ബംഗളത്ത് മുഹമ്മദ്, എ. സജീവൻ, വി.വി. മുഹമ്മദലി, എം.പി. സൂപ്പി, കെ.കെ. ഉസ്മാൻ എന്നിവർ പ്രസംഗിച്ചു.