നാദാപുരം: കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റി ഓഫിസിന് നേരെ തിരുവോണ നാളിൽ ഉണ്ടായ ബോംബേറിൽ പ്രതിഷേധം. സംഭവം സി.പി.എം. നാദാപുരം ഏരിയാ കമ്മിറ്റി അപലപിച്ചു. ഇരുട്ടിന്റെ മറ പറ്റിയാണ് അക്രമികൾ എത്തിയത്. സി.പി.എമ്മിന് യാതൊരു ബന്ധവുമില്ല. ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ഏരിയാ സെക്രട്ടറി പി.പി. ചാത്തു പ്രസ്താവനയിൽ പറഞ്ഞു. ഇ.കെ വിജയൻ എം.എൽ.എ, ഏരിയാ സെക്രട്ടറി പി.പി. ചാത്തു, ഏരിയാ കമ്മിറ്റി അംഗം എ. മോഹൻദാസ്, കല്ലാച്ചി ലോക്കൽ സെക്രട്ടറി പി.പി. ബാലകൃഷ്ണൻ എന്നിവർ ഓഫിസ് സന്ദർശിച്ചു.
കോൺഗ്രസ് ഓഫിസിന് നേരെ ബോംബെറിഞ്ഞ സംഭവത്തിലെ പ്രതികളെ ഉടൻ പിടികൂടണമെന്ന് സംഭവ സ്ഥലം സന്ദർശിച്ച മുസ്ലിം ലീഗ് നേതാക്കളായ അഹമ്മദ് പുന്നക്കൽ, സൂപ്പി നരിക്കാട്ടേരി, മണ്ടോടി ബഷീർ എന്നിവർ ആവശ്യപ്പെട്ടു. സമാധാന അന്തരീക്ഷം നിലനിൽക്കുന്ന നാദാപുരം മേഖലയിൽ ആസൂത്രിതമായ അക്രമം നടത്തി അരാജകത്വം സൃഷ്ടിക്കാനുള്ള ക്രിമിനൽ സംഘങ്ങളുടെ ഗൂഢാലോചനയാണ് അക്രമത്തിന് പിന്നിൽ ഉള്ളതെന്ന് നേതാക്കൾ ആരോപിച്ചു.
കോൺഗ്രസ് ഓഫിസിന് നേരെയുണ്ടായ ബോംബേറിൽ വെൽഫെയർ പാർട്ടി നാദാപുരം മണ്ഡലം എക്‌സി ക്യൂട്ടീവ് കമ്മിറ്റി പ്രതിഷേധിച്ചു. നാട്ടിലെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ഹീന ശ്രമങ്ങൾക്കെതിരെ ജനാധിപത്യ വിശ്വാസികളായ മുഴുവൻ ആളുകളും ഒന്നിക്കണമെന്നും സമഗ്രമായ ആന്വേഷണത്തിലൂടെ കുറ്റക്കാരെ നിയമത്തിന് മുമ്പിൽ കൊണ്ടു വരണമെന്നും പാർട്ടി ആവശ്യപ്പെട്ടു. സി.വി. ഹമീദ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.