liq

കോഴിക്കോട്: ഓണക്കാലത്തെ ലഹരിക്കടത്തിന് പൂട്ടിടാനായി എക്സെെസ് ആരംഭിച്ച സ്പെഷ്യൽ ഡ്രെെവ് കാഴ്ചവെച്ചത് മിന്നും പ്രകടനം.കൊവിഡ് പശ്ചാത്തലത്തിൽ സാധാരണയിൽ നിന്ന് വ്യത്യസ്തമായി സമയം കുറച്ചിട്ടാണ് ഇത്തവണ സ്പെഷ്യൽ ഡ്രെെവ് നടത്തിയത്. കഴിഞ്ഞ മാസം മുതൽ തിരുവോണ ദിവസം വരെ 10 കിലോ കഞ്ചാവ്,​ 200 ലിറ്റർ ചാരായം,​ 150 ലിറ്റർ വിദേശ മദ്യം​,​ 14,483 ലിറ്റർ വാഷ്, 200 കിലോ പുകയില ഉത്പന്നങ്ങൾ,​ 13 ലിറ്റർ കള്ള് എന്നിവ പിടിച്ചെടുത്തു. 600 ൽ കൂടുതൽ റെയ്ഡുകളും 109 അബ്കാരി കേസുകളും രജിസ്റ്റർ ചെയ്തു. മാഹി മദ്യത്തിന്റെ ഒഴുക്ക് ഇത്തവണ കുറവാണ്.

വന മേഖലകൾ, ഒറ്റപ്പെട്ട സ്ഥലങ്ങൾ, കെട്ടിടങ്ങൾ, മദ്യശാല പരിസരം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധനകൾ നടത്തിയത്. അതിർത്തികളിലെയും നിരത്തുകളിലെയും സ്പെഷ്യൽ സ്ക്വാഡുകൾ പരിശോധന ശക്തമാക്കി. എക്സൈസിന് പുറമെ പൊലീസ്, റവന്യൂ, വനം, മോട്ടോർ വാഹന വകുപ്പ് എന്നിവരും പരിശോധന ശക്തമാക്കിയിരുന്നു.

കൊയിലാണ്ടി -വടകര പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ വാറ്റ് ഉപകരണങ്ങൾ പിടിച്ചെടുത്തത്. തിരുവോണ ദിവസം ജില്ലയിലെ ബാറുകളും ബിവറേജ് ഔട്ട്ലെ​റ്റുകളും ബിയർ വൈൻ പാർലറുകളും അടഞ്ഞുകിടന്നതിനാൽ ആളുകൾ മദ്യം പൂഴ്ത്തി വെച്ചിരുന്നു. ഡ്രെെവ് 5 ന് അവസാനിക്കും.

ഓണം കണക്കിലെടുത്ത് സംസ്ഥാനത്തെ മദ്യവിൽപനയിൽ എക്‌സൈസ് കൂടുതൽ ഇളവുകൾ അനുവദിച്ചിരുന്നു. ഒരു ദിവസം വിതരണം ചെയ്യേണ്ട ടോക്കണുകളുടെ എണ്ണം വർധിപ്പിച്ചു. നിലവിൽ ഒരു ദിവസം 400 ടോക്കണുകൾ വിതരണം ചെയ്തിടത്ത് 600 ടോക്കൺ വരെയാണ് അനുവദിച്ചത്. തിരക്ക് നിയന്ത്റിക്കാനായി മദ്യവിൽപന രാവിലെ ഒൻപത് മുതൽ രാത്രി 7 വരെയാക്കി.

''വളരെ ശാന്തമായിട്ടാണ് ഓണക്കാല സ്പെഷ്യൽ ഡ്രെെവ് നടന്നത്. കരുതിയത് പോലെ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല''

താജുദ്ദീൻ കുട്ടി, എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ