ഫറോക്ക്: കാലപ്പഴക്കം കൊണ്ട് അപകടാവസ്ഥയിലായിരുന്ന ഫറോക്ക് കൃഷിഭവൻ കെട്ടിടം നവീകരിക്കുന്നു. കോൺക്രീറ്റ് കെട്ടിടത്തിനു മുകളിൽ പുതിയ മേൽക്കൂര നിർമ്മിച്ച് ഷീറ്റിടും. മുകളിലേക്കു കോണി, മുകൾ നില ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ നാലു വശത്തും ഗ്രില്ല്, കെട്ടിടത്തിന്റെ അകത്തും പുറത്തും തകർന്ന ഭാഗങ്ങൾ നന്നാക്കൽ, മുറ്റത്ത് സിമന്റ് കട്ട പാകൽ, പെയിന്റടിക്കുക തുടങ്ങിയ പ്രവൃത്തികളാണ് നടത്തുന്നത്.
ഫറോക്ക് ചെനപ്പറമ്പിൽ ചെറുകാട്ട് രാജഗോപാൽ സൗജന്യമായി നൽകിയ 4 സെന്റ് സ്ഥലത്താണ് കൃഷി ഭവൻ കെട്ടിടം. 40 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടം അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ അപകടനിലയിലായിരുന്നു. ഇക്കാര്യം വാർത്തയായതോടെയാണ് ഇടപെടൽ. കെ. സുധാകരനാണ് കരാർ ഏറ്റെടുത്തത്. രണ്ടാഴ്ചയ്ക്കുള്ളിൽ നവീകരണം പൂർത്തിയാക്കും.