കുറ്റ്യാടി: ഏഴു പഞ്ചായത്തുകളും ശുചിത്വ പദവി കൈവരിച്ചതോടെ കുന്നുമ്മലിനെ ശുചിത്വ ബ്ലോക്കായി പ്രഖ്യാപിച്ചു. കായക്കൊടി, കാവിലുംപാറ, മരുതോങ്കര, നരിപ്പറ്റ, വേളം, കുന്നുമ്മൽ, കുറ്റ്യാടി പഞ്ചായത്തുകളിലാണ് ജനകീയ പങ്കാളിത്തതോടെ പദ്ധതി നടപ്പാക്കുന്നത്. ഇവിടെ പാഴ് വസ്തുക്കളുടെ ശേഖരണത്തിന് ഹരിതകർമ്മ സേന, തരംതിരിക്കലിന് മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി, ബ്ലോക്ക് തലത്തിൽ ക്ലീൻ കേരള കമ്പനിയുടെ നടത്തിപ്പിൽ മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി (എം.ആർ.ഫ്), യൂസർഫീ ഈടാക്കി അജൈവ പാഴ് വസ്തുക്കളുടെ ശേഖരണം, എഴുപത് ശതമാനത്തിലേറെ വീടുകളിൽ ജൈവ മാലിന്യം സംസ്‌കരിക്കുന്നതിനുള്ള ഉപാധികൾ, തുമ്പൂർമുഴി കമ്പോസ്റ്റിംഗ് പോലെയുള്ള പൊതു സംവിധാനങ്ങൾ, ഗ്രീൻ പ്രോട്ടോക്കോൾ, തുണിസഞ്ചികളുടെ നിർമ്മാണം, പ്രചരണം, പൊതു നിരത്തുകളുടെയും 'ഇനി ഞാൻ ഒഴുകട്ടെ' പോലുള്ള കാമ്പയിനിലൂടെ തോടുകളുടെ ശുചീകരണം, ശുചിത്വ മാലിന്യ സംസ്‌കരണത്തിന് അനുകൂല മനോഭാവം സൃഷ്ടിക്കുന്നതിന് ഒട്ടേറെ ക്യാമ്പയിൻ പ്രവർത്തനങ്ങൾ എന്നിവയെല്ലാം ഇതിന്റെ മുന്നോടിയായി നടന്നു. ബ്ലോക്ക് എം.ആർ.എഫിൽ കൂടാതെ കുറ്റ്യാടി പഞ്ചായത്തും പ്ലാസ്റ്റിക് പൊടിച്ച് റോഡ് ടാറിംഗിന് ലഭ്യമാക്കുന്ന യന്ത്രവും സ്ഥാപിച്ചിട്ടുണ്ട്.
ഇനി ഞാൻ ഒഴുകട്ടെ' കാമ്പയിനിലൂടെ അൻപത്തിനാല് കിലോമീറ്ററോളം തോട് ശുചീകരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, സെക്രട്ടറിമാർ, അസിസ്റ്റന്റ് സെക്രട്ടറിമാർ, മറ്റ് ഉദ്യോഗസ്ഥർ, ജില്ലാ ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി, പദ്ധതി നിർവഹണം നടത്തിയ വി.ഇ.ഒമാർ, എം.സി.എഫ്, എം.ആർ.എഫ് സജ്ജമാക്കിയ എൽ.എസ്.ജി.ഡി എൻജിനീയറിംഗ് വിഭാഗം, ഹരിതകർമ്മ സേനാംഗങ്ങൾ, ഹരിതസഹായ സ്ഥാപനമായ ഐ.ആർ.ടി.സി യുടെ കോ ഓർഡിനേറ്റർമാർ, കുടുംബശ്രീ മിഷൻ പ്രവർത്തകരും സജീവമായി അണിനിരക്കുകയായിരുന്നു.

മന്ത്രി ടി.പി രാമകൃഷ്ണൻ ശുചിത്വ ബ്ലോക്ക് പ്രഖ്യാപനം നടത്തി. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എം സതി, സി.എൻ ബാലകൃഷ്ണൻ, ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ തായന ബാലാമണി, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ കുന്നുമ്മൽ കണാരൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ കെ.എം പ്രിയ, ശുചിത്വമിഷൻ ജില്ലാ അസി. പ്രൊജക്ട് കോ ഓർഡിനേറ്റർ നസീർ ബാബു, ക്ലീൻ കേരളാ കമ്പനി അസി. മാനേജർ സുധീഷ തൊടുവയിൽ, ഐ.ആർ.ടി.സി കോ ഓർഡിനേറ്റർ ജയ് സോമനാഥ്, ഹരിത കേരള മിഷൻ ആർ.പി.സി.പി ശശി എന്നിവർ സംസാരിച്ചു. ബി.ഡി.ഒ പ്രജുകുമാർ സ്വാഗതവും ജി.ഇ.ഒ സുധ നന്ദിയും രേഖപ്പെടുത്തി.

ബ്ലോക്ക് പഞ്ചായത്ത് ഒറ്റനോട്ടത്തിൽ

പഞ്ചായത്തുകൾ-7

ഹരിതകർമ്മ സേനാംഗങ്ങൾ-190

എം.ആർ.എഫ്- 8

ആകെ വീടുകൾ- 46,397

മാലിന്യം ശേഖരിക്കുന്ന വീടുകൾ- 36,930