സുൽത്താൻ ബത്തേരി: കൊവിഡ് 19 സ്ഥിരീകരിച്ച യുവതി പട്ടണത്തിലെ വിവിധ കടകൾ സന്ദർശിച്ചതിനെ തുടർന്ന് ബത്തേരിയിലെ ആറ് സ്ഥാപനങ്ങൾ ആരോഗ്യവകുപ്പ് അടപ്പിച്ചു. യുവതി ജോലി ചെയ്യുന്ന എസ്.ബി അസോസിയേറ്റ്സ്, യെസ് ഭാരത് വസ്ത്രാലയം, ഒ.എം.സ്റ്റോർ, റോയൽ ബേക്കറി, ഡേ മാർട്ട്, ഇൻസാഫ് ഫ്രഷ് മൽസ്യക്കട എന്നിവയാണ് അടപ്പിച്ചത്. ഇവരുമായി സമ്പർക്കത്തിൽ വന്നവരോട് നിരീക്ഷണത്തിൽ പോകാനും ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.
കഴിഞ്ഞ ദിവസം ചീരാൽ എഫ്.എച്ച്.സിയിൽ ആന്റിജൻ
ടെസ്റ്റിൽ കൊവിഡ് സ്ഥിരീകരിച്ച പുത്തൻകുന്നിലുള്ള യുവതി സന്ദർശിച്ച സ്ഥാപനങ്ങളാണ് അടപ്പിച്ചത്. കഴിഞ്ഞ 28, 29 തീയ്യതികളിലാണ് യുവതി ഈ സ്ഥാപനങ്ങളിലെത്തിയത്. യുവതിയോടൊപ്പം ജോലി ചെയ്തിരുന്നവരോട് നിരീക്ഷണത്തിൽ പോകാനും നിർദ്ദേശിച്ചിട്ടുണ്ട്.
28-ന് വൈകീട്ട് 5 മണിക്കും 6 മണിക്കും ഇടയ്ക്ക്
യുവതി ഡേ മാർട്ടിന് സമീപമുള്ള ഇൻസാഫ് മൽസ്യ കട സന്ദർശിച്ചിരുന്നു. തൊട്ടടുത്ത ദിവസം 29ന് യെസ്ഭാരത്, ചുങ്കം ഒ.എം.സ്റ്റോർ എന്നിവിടങ്ങൾ സന്ദർശിച്ചു. രാവിലെ 11.45 മുതൽ
ഉച്ചയ്ക്ക് 1.45 വരെ ഏകദേശം രണ്ട് മണിക്കൂറോളം യുവതി യെസ്ഭാരതിൽ ചെലവഴിച്ചിരുന്നു.
വൈകീട്ട് 5-നും 6 -നും ഇടയ്ക്ക് ചുങ്കം ഒ.എം.സ്റ്റോർ, റോയൽ ബേക്കറി എന്നിവിടങ്ങളിലും എത്തി.
യുവതി സന്ദർശിച്ച സമയത്ത് ഇവിടങ്ങളിൽ ഉണ്ടായിരുന്നവരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്. അണുനശീകരണം നടത്തി നിരീക്ഷണത്തിലില്ലാത്ത ജീവനക്കാരെ വെച്ച് ഇന്ന് തുറന്ന് പ്രവർത്തിക്കാൻ അനുവാദം നൽകിയിട്ടുണ്ട്.
അതേസമയം യുവതി 29-ന് വൈകീട്ട് പുത്തൻകുന്നിൽ
നിന്ന് ബത്തേരിയിലേക്ക് യാത്രചെയ്ത ഓട്ടോറിക്ഷ ഇതുവരെ കണ്ടെത്താനായിട്ടില്ല. കൂടാതെ യുവതി ജോലി സ്ഥലത്തേക്ക് വന്നത് വിവിധ ബസ്സുകളിലായിരുന്നു. അതിനാൽ കഴിഞ്ഞ 22 മുതൽ ചീരാൽ ബത്തേരി റൂട്ടിൽ ബസുകളിൽ യാത്രചെയ്തവർ ഏതെങ്കിലും തരത്തിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായാൽ ആരോഗ്യ പ്രവർത്തകരെ വിവരമറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. രോഗിയുമായി ദ്വിതീയ സമ്പർക്കത്തിൽപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.

ചീരാൽ മേഖലയിൽ കൊവിഡ് വ്യാപനം
അതിനിടെ, ചീരാൽ മേഖലയിൽ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായി. കഴിഞ്ഞ ദിവസം ചീരാൽ വില്ലേജിൽ നിന്ന് സ്ഥലം മാറിപോയ രണ്ട് പേർക്കും അവരുടെ കുടുംബാംഗങ്ങൾക്കും രോഗം സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ ബത്തേരി താലൂക്ക് ഓഫീസിലെ റവന്യു വിഭാഗത്തിലും, മറ്റൊരു ജീവനക്കാരി
അമ്പലവയലിലെ സപ്ലൈകോയിലുമാണ്. രണ്ട് പേരുടെയും വീടുകളിൽ നാല്‌പേർക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കത്തിലുള്ളവരോടും നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു.