മുക്കം: കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുമ്പോഴും ജാഗ്രത പാലിക്കാതെ ഇതര സംസ്ഥാന തൊഴിലാളികളെ എത്തിച്ച് ജോലി ചെയ്യിപ്പിക്കുന്നത് അധികൃതർക്ക് തലവേദനയാകുന്നു. ഉടമകൾ ഇവരെ ക്വാറന്റൈനിൽ പാർപ്പിക്കാതെ സ്ഥാപനങ്ങളിൽ ജോലി ചെയ്യിപ്പിക്കുകയാണ്. അധികൃതരെ വിവരം അറിയിക്കാറുമില്ല.

മുക്കം നഗരസഭയും സി.എച്ച്.സിയും സി.എച്ച്.സി റോഡിലെ ഒരു ലോഡ്ജിൽ ഇന്നലെ നടത്തിയ പരിശോധനയിൽ നാല് അനധികൃത താമസക്കാരെ കണ്ടെത്തി. ഇവരിൽ രണ്ടു പേർ കർണ്ണാടകയിൽ നിന്നും മറ്റു രണ്ടു പേർ തമിഴ്നാട്ടിൽ നിന്നും എത്തിയവരാണ്. ഇവരോട് ഉടൻ ടെസ്റ്റിന് വിധേയരാകാൻ നിർദേശം നൽകി. ഏതാനും ദിവസം മുമ്പ് മുക്കം അങ്ങാടിയിലെ ഒരു ലോഡ്ജിൽ കണ്ടെത്തിയ ബംഗാൾ സ്വദേശിയെ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോൾ കൊവിഡ് പോസിറ്റീവ് കണ്ടെത്തിയിരുന്നു. നഗരസഭ സെക്രട്ടറി എൻ.കെ. ഹരിഷ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. പ്രശോഭ് കുമാർ, സി.എച്ച്.സി ഹെൽത്ത് ഇൻസ്പെക്ടർ പി. ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. നഗരസഭയിൽ ഇന്നലെ ഒരാൾക്കു കൂടി രോഗം സ്ഥിരീകരിച്ചു. നടുകിൽ സ്വദേശിയായ 27 കാരനാണ് കൊവിഡ് പോസിറ്റീവ് ആയത്.