കോഴിക്കോട്: പേരാമ്പ്ര ഗവ. വെൽഫെയർ എൽ.പി സ്കൂളിനോട് കാട്ടുന്ന അയിത്തത്തിന് എതിരെ സർക്കാർ ഇടപെടണമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് ആവശ്യപ്പെട്ടു. പ്രദേശികമായി പറയ സ്കൂൾ എന്നറിയപ്പെടുന്ന ഇവിടെ കഴിഞ്ഞ വർഷം 13 സാംബവ വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. സ്മാർട്ട് ക്ലാസ് റൂം, മികച്ച കെട്ടിടങ്ങൾ അടക്കം എല്ലാവിധ സൗകര്യങ്ങളും ഉണ്ടെങ്കിലും വിദ്യാർത്ഥികൾ തൊട്ടടുത്തുള്ള കിഴിഞ്ഞാണം എൽ.പി സ്കൂളിനെയാണ് ആശ്രയിക്കുന്നതെന്ന് കെ.എസ്.ടി.എം സാരഥികൾ കോഴിക്കോട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഈ അദ്ധ്യയന വർഷം പറയ വിഭാഗത്തിൽ നിന്ന് രണ്ട് വിദ്യാർത്ഥികൾ മാത്രമാണ് അഡ്മിഷൻ നേടിയത്. ഇതര വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ ഇക്കുറിയും സ്കൂളിനോട് മുഖം തിരിച്ചു. ഈ സാഹചര്യത്തിൽ പുതിയ ആറ് കുട്ടികളെ കൂടി ചേർത്ത് ടീച്ചേഴ്സ് മൂവ്മെന്റ് ഇടപെട്ടു. ഇതിന്റെ ഭാഗമായി 5ന് രാവിലെ 10.30ന് നവോത്ഥാന സമ്മേളനം നടക്കും. കെ. മുരളീധരൻ എം.പി ഫേസ്ബുക്ക് വഴി ഉദ്ഘാടനം ചെയ്യും. വെൽഫെയർ സ്കൂൾ ജനകീയ വിദ്യാലയ പ്രഖ്യാപനം ഇ.ടി മുഹമ്മദ് ബഷീർ എം.പി നിർവഹിക്കും. വിശിഷ്ടാതിഥിയായി കവി സച്ചിദാനന്ദൻ പങ്കെടുക്കും. കെ. അംബുജാക്ഷൻ മുഖ്യപ്രഭാഷണം നടത്തും. കെ. നൂഹ്, എം.വി അബ്ദുറഹ്മാൻ, അബ്ദുൽ റഷീദ് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.