കോഴിക്കോട്: വടകര, ചോറോട് മേഖലയിൽ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ജനം നിയന്ത്രണങ്ങൾ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കൊയിലാണ്ടി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സമ്പർക്ക വ്യാപന സാദ്ധ്യതയുണ്ട്. കച്ചവട സ്ഥാപനങ്ങളിൽ സാമൂഹിക അകലം പാലിക്കാതെയും സാനിറ്റൈസർ ഉപയോഗിക്കാതെയും കച്ചവടം നടത്തുന്നു. ഇതിനെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടിയുണ്ടാവും. കൃത്യമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ ആളുകൾ പുറത്തിറങ്ങാവൂ. കണ്ടെയ്ൻമെന്റ് സോണാക്കപ്പെട്ട വാർഡുകളിൽ അവശ്യ സേവനങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങരുത്. വടകര ക്ലസ്റ്ററിൽ ഇതുവരെ 284 പേർക്കാണ് രോഗം ബാധിച്ചത്. 162 പേർ ചികിത്സയിലുണ്ട്. മൂന്നു ദിവസത്തിനിടെ 65 പേർക്ക് കൂടി കൊവിഡ് പോസിറ്റീവായി. ചോറോട് 323 പേർക്ക് സ്ഥിരീകരിച്ചു. ഇതിൽ 155 പേരാണ് ചികിത്സയിലുള്ളത്.