5690 പേർക്കെതിരെ പെറ്റി കേസ്
കൽപ്പറ്റ: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വിവിധ രാഷ്ട്രീയപാർട്ടികളും അവരുടെ പോഷക സംഘടനകളും നടത്തിയ പ്രതിഷേധ സമരങ്ങൾക്കെതിരെ ജില്ലയിൽ കഴിഞ്ഞ രണ്ട് ആഴ്ച്ചയ്ക്കുള്ളിൽ ജില്ലയിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി 59 കേസുകൾ രജിസ്റ്റർ ചെയ്തതായി ജില്ലാ പൊലീസ്‌മേധാവി ആർ. ഇളങ്കോ അറിയിച്ചു.
സംസ്ഥാനത്ത് കൊവിഡ് വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂട്ടംകൂടുന്ന എല്ലാത്തരം ഒത്തുചേരലുകളും നിരോധിച്ചുകൊണ്ട് ഹൈക്കോടതി ജൂലൈ 15ന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സമ്പർക്കത്തിലൂടെ രോഗം വ്യാപിക്കാതിരിക്കാൻ ക്യത്യമായി മാസ്‌ക്ക് ധരിക്കണമെന്ന കൊവിഡ് മാനദണ്ഡ പ്രകാരമുള്ള നിർദ്ദേശം ലംഘിച്ച് മാസ്‌ക്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇടപഴകിയ കുറ്റത്തിന് വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി ജില്ലയിൽ ഇതുവരെ 5690 പേർക്കെതിരെ പെറ്റിക്കേസ് ചുമത്തിയിട്ടുണ്ട്.
അനിയന്ത്രിതമായി കൊവിഡ് രോഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലും അൺലോക്ക് 3 നിർദ്ദേശത്തിലെ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടുള്ള സമരപരിപാടികളിൽനിന്ന് രാഷ്ട്രീയ പാർട്ടികൾ വിട്ടുനിൽക്കണമെന്നും പൊതുജനങ്ങൾ പൊതുഇടങ്ങളിൽ സാമൂഹിക അകലം പാലിക്കുകയും മാസ്‌ക്ക് ധരിക്കുകയും വേണമെന്ന് അദ്ദേഹം അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് പ്രതിഷേധ പരിപാടികൾ നടത്തുന്നവർക്കെതിരെയും, പൊതുസ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെയും, മാസ്ക് ധരിക്കാത്തവർക്കെതിരെയും പൊലീസ് തുടർന്നും കർശന നിയമനടപടികളെടുക്കുമെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.