സുൽത്താൻ ബത്തേരി: സമ്പർക്ക രോഗികളുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളിൽ ബത്തേരി, ചീരാൽ മേഖലകളിൽ ആശങ്കയുണർത്തും വിധം വർദ്ധിച്ചെങ്കിലും ഇന്നലെ പുതിയ രോഗികളുടെ എണ്ണം റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. അതേസമയം അമ്പലവയൽ മേഖലയിൽ രോഗവ്യാപനം വർദ്ധിക്കുകയും ചെയ്തു. ഇന്നലെ ഒറ്റ ദിവസം മാത്രം 18 പേർക്ക് രോഗബാധ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് 19 പൊസിറ്റീവ് ആയവരുടെ സമ്പർക്ക പട്ടികയിലുള്ളവരെയാണ് വ്യാഴാഴ്ച വിവിധ ആശുപത്രികളിൽ ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കിയത്.
ഇന്നലെ നടത്തിയ ആന്റിജൻ പരിശോധനയിൽ ബത്തേരി, ചീരാൽ, ചുള്ളിയോട്, നൂൽപ്പുഴ മേഖലകളിൽ പുതിയ കേസുകൾ ഇല്ല. 54 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയ അമ്പലവയലിൽ 18 പേർക്കാണ് പോസിറ്റീവ് ആയത്. ഇവർക്ക് വലിയ തോതിൽ സമ്പർക്കമുള്ളതായിട്ടാണ് വിവരം.
അതേസമയം, പുത്തൻകുന്നിലെയും ബത്തേരി താലൂക്ക് ഓഫീസ് ജീവനക്കാരന്റെയും സമ്പർക്ക ലിസ്റ്റിലുള്ളവരെയാണ് ബത്തേരി താലൂക്ക് ആശുപത്രിയിലും ചെതലയം കുടുംബാരോഗ്യ കേന്ദ്രത്തിലും പരിശോധന നടത്തിയത്. ചെതലയത്ത് നടത്തിയ 124 പേരുടെയും ഫലം നെഗറ്റീവാണ്. താലൂക്ക് ആശുപത്രിയിൽ 18 ആർ.ടി.പി.സി.ആർ ഉൾപ്പെടെ 33 പേരെയാണ് പരിശോധിച്ചത്. ആന്റിജൻ ടെസ്റ്റ് നടത്തിയ 15 പേരുടെ ഫലം നെഗറ്റീവാണ്. ആർ.ടി.പി.സി.ആറിന്റെ ഫലം വരാനിരിക്കുന്നതെയുള്ളു.
വലിയ തോതിൽ സമ്പർക്കമുണ്ടായ ചീരാൽ മേഖലയിൽ ഇന്നലെ 65 പേരുടെ ആന്റിജൻ പരിശോധനാ ഫലവും നെഗറ്റീവാണ്. ഇതോടെ ഈ മേഖലയിൽ നിലനിന്നിരുന്ന ആശങ്കയ്ക്ക് അറുതിയായി. ഇവിടെ ഇതുവരെ 40 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
ചുള്ളിയോട് പി.എച്ച്.സിയിൽ നടത്തിയ 145 പേരുടെ ആന്റിജൻ പരിശോധന ഫലവും നെഗറ്റീവാണ്.