മേപ്പാടി: മേപ്പാടി എരുമക്കൊല്ലിയിൽ കാട്ടാനശല്യം രൂക്ഷം. ഏക്കർ കണക്കിന് കൃഷിയാണ് കഴിഞ്ഞ ദിവസങ്ങളിൽ ആനകൾ നശിപ്പിച്ചത്. ആനയെ തുരത്താൻ നടപടി വേണമെന്ന് കർമസമിതി യോഗം വനംവകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.
ഏതാനും ദിവസങ്ങളായി കാട്ടാനശല്യം പതിവാണ്. വൈകീട്ട് ഏഴ് മണിയാവുമ്പോഴേക്കും കാട്ടാനകൾ കൃഷിയിടങ്ങളിലെത്തും. നൂറ് കണക്കിനാളുകൾ താമസിക്കുന്നയിടത്താണ് ആനയെത്തുന്നത്. കാട്ടാനയെ ഭയന്ന് സന്ധ്യയായാൽ പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്.
ബുധനാഴ്ച രാത്രിയെത്തിയ കാട്ടാന പാത്തുമ്മക്കുട്ടിയുടെ പറമ്പിലെ 300 വാഴകൾ നശിപ്പിച്ചു. കമുക്, തെങ്ങ് തുടങ്ങിയവയും നശിപ്പിച്ചു. 40,000 രൂപയുടെ നഷ്ടമാണ് ഉണ്ടായത്. കൃഷി നാശത്തിന് പുറമെ ജനങ്ങളുടെ സ്വൈര്യജീവിതവും തടസപ്പെട്ടിരിക്കുകയാണണെന്ന് ആക്ഷൻ കമ്മിറ്റി ചൂണ്ടിക്കാട്ടി.

പടം
മേപ്പാടി എരുമക്കൊല്ലിയിൽ കാട്ടാന നശിപ്പിച്ച വാഴകൾ