കോഴിക്കോട്: ഡി.സി.സി മുൻ പ്രസിഡന്റ് കെ.സി അബു അന്യായമായി ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുന്നതായി കുരുവട്ടൂർ പൊയിൽതാഴത്ത് പൊയിലിൽ വീട്ടിൽ രാഗേഷ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
പൊയിലിൽ കുടുംബം ഹരിജൻ വെൽഫെയർ എൽ.പി സ്കൂളിനായി 12 സെന്റ് സ്ഥലം കെ.സി അബുവിന്റെ പിതൃസഹോദരനായ ഉസയിൻ മാപ്ലയ്ക്ക് 12 വർഷത്തേക്ക് പാട്ടത്തിന് നൽകിയിരുന്നു. പൊയിലിൽ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള 8 സെന്റ് ഭൂമിയിലെ കിണർ സ്കൂൾ ആവശ്യത്തിന് ഉപയോഗിക്കാനും അനുമതി കൊടുത്തിരുന്നു. ഭൂമി തിരിച്ചേല്പിക്കുമ്പോൾ കെട്ടിടത്തിന്റെ നിർമ്മാണ തുകയോ കിണറിന് ചെലവായ റിപ്പയർ തുകയോ പൊയിലിൽ കുടുംബത്തോട് ചോദിക്കാൻ പാടില്ലെന്നായിരുന്നു കരാർ വ്യവസ്ഥ. 2008ൽ സ്കൂൾ അവിടെ നിന്ന് മാറ്റി. പഴയ സ്കൂൾ കെട്ടിടം ജീർണിച്ച അവസ്ഥയിലാണിപ്പോൾ. പാട്ടക്കരാർ കഴിഞ്ഞിട്ടും തിരിച്ചേൽപിച്ചില്ല. മാത്രമല്ല സമീപകാലത്ത് 12 സെന്റിന് പുറത്തുള്ള കിണർ സ്ഥിതി ചെയ്യുന്ന 3 സെന്റ് ഭൂമിക്കുമേൽ കെ.സി അബുവിന്റെ കുടുംബം അവകാശം ഉന്നയിച്ച് പിടിച്ചെടുക്കാനുള്ള ശ്രമം നടത്തുകയാണെന്നും രാഗേഷ് ആരോപിക്കുന്നു. സഹോദരൻ കെ.സി. ഇസ്മായിലിന്റെ പേരിൽ വ്യാജ പത്രം ഉണ്ടാക്കിയാണ് അവകാശം ഉന്നയിക്കുന്നതെന്നും രാഗേഷ് പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഐ.കെ ഹരീഷ്, എ.പി രാജു എന്നിവരും പങ്കെടുത്തു.