സുൽത്താൻ ബത്തേരി: ബത്തേരി താലൂക്ക്തല ഓൺലൈൻ പരാതി പരിഹാര അദാലത്തിൽ 15 പരാതികൾ തീർപ്പാക്കി. എ.ഡി.എം ഇ.മുഹമ്മദ് യൂസഫിന്റെ നേതൃത്വത്തിൽ കളക്‌ട്രേറ്റിൽ നടന്ന വീഡിയോ കോൺഫറൻസിലൂടെയാണ് അദാലത്ത് നടത്തിയത്. അദാലത്തിൽ 20 പരാതികളാണ് പരിഗണിച്ചത്. ഇതിൽ 15 പരാതികൾ തീർപ്പാക്കി. തീർപ്പാക്കാത്ത പരാതികൾ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
പൂതാടി പഞ്ചായത്ത് പരിധിയിലെ വനമേഖലയിലൂടെ കടന്ന് പോകുന്ന 500 മീറ്റർ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന പ്രദേശവാസിയുടെ പരാതിയിൽ വനം വകുപ്പിന്റെ അനുമതി ലഭിച്ചാൽ ഉടൻ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുൽപ്പള്ളി പ്രദേശത്ത് വന്യമൃഗശല്യം കാരണമുണ്ടായ കൃഷിനാശത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വേലിയമ്പം സ്വദേശി സമർപ്പിച്ച പരാതിയിൽ ചെതലയം ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ പരാതിയുടെ വിശദമായ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി സ്വീകരിക്കുമെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ അറിയിച്ചു.
വികലാംഗ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി സമർപ്പിച്ച പരാതിയിൽ സ്‌പെഷ്യൽ മെഡിക്കൽ ബോർഡ് ചേർന്ന് നടപടിയെടുക്കാൻ തീരുമാനിച്ചു. കൃഷിനാശവുമായി ബന്ധപ്പെട്ട് ചീരാൽ സ്വദേശി സമർപ്പിച്ച പരാതിയിൽ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തുടർ നടപടി സ്വീകരിക്കുമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. വൈദ്യുതി പോസ്റ്റ് മാറ്റണമെന്ന് ആവശ്യപ്പെട്ട് പുൽപ്പള്ളി സ്വദേശി നൽകിയ പരാതിയിൽ പോസ്റ്റ് മാറ്റി നൽകിയെന്ന് കൽപ്പറ്റ കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അറിയിച്ചു.
ലൈഫ് ഭവന പദ്ധതി, ബാങ്ക് പലിശ ഒഴിവാക്കൽ തുടങ്ങിയ പരാതികളാണ് കൂടുതൽ ലഭിച്ചത്. ഓൺലൈൻ അദാലത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
(ചിത്രം)
കളക്‌ട്രേറ്റിൽ നടന്ന ഓൺലൈൻ പരാതി പരിഹാര അദാലത്ത്