health

കോഴിക്കോട്: ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിൽ വിവിധ പദ്ധതികൾക്ക് തുടക്കമായി. ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം, നാദാപുരം, താമരശേരി താലൂക്ക് ആശുപത്രികളിൽ അത്യാധുനിക അത്യാഹിത വിഭാഗം, മലാപ്പറമ്പിൽ ആർ.ടി.പി.സി.ആർ ലാബ്, വടകര ജില്ലാ ആശുപത്രിയിൽ ധന്വന്തരി ഡയാലിസിസ് സെന്റർ കെട്ടിടം, കോഴിക്കോട് മെഡിക്കൽ കോളേജ് കോക്ലിയർ ഇംപ്ലാന്റേഷൻ ഉപകരണങ്ങളുടെ മെയിന്റനൻസ് പദ്ധതി എന്നിവയാണ് ജില്ലയിൽ ഉദ്ഘാടനം ചെയ്യപ്പെടുന്നത്.

 ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളജിൽ പുതിയ കെട്ടിടം

കോഴിക്കോട്: ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലാണ് പുതിയ ആശുപത്രി കെട്ടിടം വരുന്നത്. നാല് നിലകളുടെ നിർമ്മാണം പൂർത്തിയായി. സ്‌പെഷ്യൽ ഒ.പികൾ, നൂറുപേരെ കിടത്തി ചികിത്സിക്കാനുള്ള വാർഡുകൾ, കമ്പ്യൂട്ടറൈസ്ഡ് ലബോറട്ടറി, എക്‌സ്‌റേ,സി.ടി സ്‌കാൻ,യു.എസ്.ജി സ്‌കാൻ, പേ വാർഡുകൾ, നഴ്‌സിംഗ്, ഡോക്ടേഴ്‌സ് റൂം, ഓഫീസ് തുടങ്ങിയ സൗകര്യങ്ങളടങ്ങിയതാണ് കെട്ടിടം.

 ആർ.ടി.പി.സി.ആർ ലാബ്

കോഴിക്കോട്: മലാപ്പറമ്പിൽ ആരോഗ്യവകുപ്പ് പരിശീലനകേന്ദ്രത്തിൽ റീജ്യണൽ പബ്ലിക്ക് ഹെൽത്ത് ലാബോറട്ടറി, ആർ.ടി.പി.സി.ആർ വിഭാഗം എന്നിവ ഒരുങ്ങി. കെ.എസ്.ഇ.ബിയുടെ സി.എസ്.ആർ ഫണ്ടായ 70 ലക്ഷവും നാഷണൽ ഹെൽത്ത് മിഷന്റെ 11 ലക്ഷം രൂപയും ഉപയോഗപ്പെടുത്തിയാണ് ലാബ് ആരംഭിക്കുന്നത്. ജീവനക്കാരെയും നാഷണൽ ഹെൽത്ത് മിഷൻ മുഖേന ലഭ്യമാക്കും. പ്രതിദിനം കൊവിഡ് ടെസ്റ്റുകൾ വർദ്ധിപ്പിക്കാൻ ലാബ് സഹായകമാവും. സ്വകാര്യ ലാബുകളെ വെല്ലുന്ന ഓട്ടോമാറ്റിക്ക് അനലൈസർ സ്ഥാപിച്ച് ന്യൂബോൺ സ്‌ക്രീനിംഗ് ടെസ്റ്റ് നടത്താനുള്ള സൗകര്യങ്ങളും ലാബിൽ ലഭ്യമാക്കിയിട്ടുണ്ട്.

 ധന്വന്തരി ഡയാലിസിസ് സെന്റർ

വടകര ജില്ലാ ആശുപത്രിയിൽ ധന്വന്തരി ഡയാലിസിസ് സെന്റർ കെട്ടിടം ഏഴിന് രാവിലെ 11ന് ആരോഗ്യമന്ത്രി ഉദ്ഘാനം ചെയ്യും. ജില്ലാപഞ്ചായത്ത് ഒന്നരകോടി രൂപ ചെലവഴിച്ച് മൂന്ന് നില കെട്ടിടത്തിന്റെ പ്രവൃത്തി പൂർത്തീകരിച്ചു.

ഇതോടെ 299 പേർക്ക് ഡയാലിസിസ് സൗകര്യം നൽകാനും കഴിയും. 16 ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയുടെ സ്വതന്ത്ര പ്രവർത്തനത്തിന്റെ ഭാഗമായി വൃക്കരോഗികൾക്ക് ഡയാലിസിസ് ചെയ്യുന്നതിന് 2013 ലാണ് ധന്വന്തരി ഡയാലിസിസ് നിധി ട്രസ്റ്റ് രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ചെയർമാനും, ആശുപത്രി സൂപ്രണ്ട് ഡോ: കെ.വി. അലി കൺവീനറുമായാണ് ട്രസ്റ്റ് പ്രവർത്തിച്ച് വരുന്നത്.

 നാദാപുരം, താമരശേരി താലൂക്ക് ആശുപത്രികളിൽ എമർജൻസി ഡിപ്പാർട്ട്‌മെന്റ്

നാഷണൽ ഹെൽത്ത് മിഷൻ ഫണ്ട് ഉപയോഗിച്ച് നാദാപുരം, താമരശേരി താലൂക്ക് ആശുപത്രികളിൽ അത്യാധുനിക സൗകര്യങ്ങളോടെ എമർജൻസി ഡിപ്പാർട്ട്‌മെന്റ് തയ്യാറായി. നാദാപുരം താലൂക്ക് ആശുപത്രിയിൽ

സ്വകാര്യ ആശുപത്രികളെ വെല്ലുന്ന രീതിയിലുള്ള എമർജൻസി യൂണിറ്റാണ് പൂർത്തീകരിച്ചത്. നാഷണൽ ഹെൽത്ത് മിഷന്റെ 11 ലക്ഷംരൂപയും, 31,79,898 രൂപയുടെ സിഫിബ്രിലേറ്റർ, ഇ.സി.ജി മെഷീൻ, ഐ.സി.യു കോട്ട്, പൾസ് ഓക്‌സി മീറ്റർ, വെന്റിലേറ്റർ, ഇൻവെർട്ടർ തുടങ്ങിയ ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. 8,36,595 രൂപയുടെ മെഡിക്കൽ ഗ്യാസ് പൈപ്പ് ലൈൻ സിസ്റ്റവും തയ്യാറാക്കിയിട്ടുണ്ട്.

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളോടെയുള്ള എമർജൻസി യൂണിറ്റാണ് തയ്യാറായിരിക്കുന്നത്. നാഷണൽ ഹെൽത്ത് മിഷന്റെ സാമ്പത്തിക സഹായത്തോടെയാണ് നവീകരണം. മെഡിക്കൽ ഗ്യാസ് പൈപ്പ് ലൈൻ സിസ്റ്റം, ട്രയാജ് സംവിധാനം, നഴ്‌സസ് സ്റ്റേഷൻ, ഇ.സി.ജി റൂം, മൈനർ ഓപ്പറേഷൻ തിയേറ്റർ എന്നീ സൗകര്യങ്ങൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

 കോക്ലിയർ ഇംപ്ലാന്റേഷൻ

ഗവ. മെഡിക്കൽ കോളേജിൽ കോക്ലിയർ ഇംപ്ലാന്റേഷൻ ഉപകരണങ്ങളുടെ മെയിന്റനൻസ് പദ്ധതിക്ക് തുടക്കമായി. മെഡിക്കൽ കോളേജിൽ ഓൺലൈൻ എ.വി.ടി സേവനവും ലഭിക്കും.