monthal
അടഞ്ഞുകിടക്കുന്ന മോന്താൽ പാലം

വടകര: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടച്ചിട്ട മോന്താൽ പാലം തുറക്കാൻ വൈകുന്നത് യാത്രക്കാരെ വലയ്ക്കുന്നു. പ്രദേശവാസികൾ ഉൾപ്പെടെ അത്യാവശ്യ യാത്രയ്ക്ക് പോലും ഇരട്ടി ചെലവിൽ ചുറ്റിക്കറങ്ങി യാത്ര ചെയ്യേണ്ട ഗതികേടിലാണ്. പാലം അടച്ചതിനെ തുടർന്ന് വഴിതിരിച്ചു വിടുന്ന വാഹനങ്ങൾ അഴിയൂർ, മാഹി വഴി പോകുന്നതിനാൽ ദേശീയപാതയിൽ ഗതാഗതക്കുരുക്ക് നിത്യ കാഴ്ചയായി. ദേശീയപാത ഒഴിവാക്കി ഓടുന്ന വാഹനങ്ങൾ ഓർക്കാട്ടേരി, എടച്ചേരി വഴി കറങ്ങിയാണ് കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പേരിൽ പലപ്പോഴായി അടച്ചിട്ട പാലം പ്രതിഷേധത്തെ തുടർന്ന് തുറന്നെങ്കിലും 18ന് വീണ്ടും അടയ്ക്കുകയായിരുന്നു. പാലത്തിന്റെ ഇരുഭാഗത്തും വാഹനങ്ങൾ നിർത്തി ആളുകൾ മറുഭാഗത്തേക്ക് നടന്നു പോവുകയാണ്. കണ്ണൂർ ജില്ലാ പൊലീസിന്റെ നിർദ്ദേശമനുസരിച്ചാണ് ഇപ്പോൾ പാലം അടച്ചിരിക്കുന്നത്. പാലം തുറക്കണമെന്നാവശ്യപ്പെട്ട് ചൊക്ലി പൊലീസുമായി ബന്ധപ്പെട്ടെങ്കിലും കൊവിഡ് വ്യാപനം തടയാൻ അടച്ചിട്ടതാണെന്ന മറുപടിയാണ് ലഭിക്കുന്നത്. പാലം അടച്ചത് അറിയാതെയെത്തുന്ന യാത്രക്കാർ കിലോമീറ്ററുകൾ സഞ്ചരിച്ച് പാലത്തിലെത്തി തിരിച്ചു പോകേണ്ട സ്ഥിതിയാണ്. രോഗികളും മട്ടന്നൂർ വിമാനത്താവളം വഴി വരുന്നവരുമാണ് ഏറെ പ്രയാസപ്പെടുന്നത്. പാലം അടച്ചതോടെ ബസ് സർവീസും നിലച്ചു. ഇരുചക്രവാഹനങ്ങൾക്ക് പോലും യാത്ര നിഷേധിക്കുന്നതിനാൽ ദിവസവും ജോലിക്ക് പോകുന്നവർ ഏറെ പ്രയാസത്തിലാണ്. മോന്താൽ പാലം തുറക്കാൻ നടപടിയുണ്ടാകണമെന്ന് താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല ആവശ്യപ്പെട്ടു.