നാദാപുരം: കഴിഞ്ഞ ദിവസം രാത്രിയിൽ ഇരിങ്ങണ്ണൂരിലെയും തൂണേരിയിലെയും പാർട്ടി ഓഫീസുകൾക്ക് നേരെ നടന്ന ആക്രമണത്തിൽ മൂന്ന് പേരെ നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തു. തൂണേരി മുടവന്തേരിയിലെ മൂലംതേരി സുഭാഷ് (39), കോടഞ്ചേരി സ്വദേശികളായ ചീക്കിലോട്ട് താഴക്കുനി വിശ്വജിത്ത് (32), തൈക്കിലോട്ട് ഷാജി (32) എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവർ സി.പി.എം. അനുഭാവികളാണെന്ന് പൊലീസ് പറഞ്ഞു. സെപ്തംബർ രണ്ടിന് പുലർച്ചെ തൂണേരി ടൗണിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ്, ഇരിങ്ങണ്ണൂർ ടൗണിലെ ലോക്‌താന്ത്രിക് ജനതാദൾ എടച്ചേരി പഞ്ചായത്ത് കമ്മിറ്റി ഓഫീസ്, ഇരിങ്ങണ്ണൂർ മേഖലാ മുസ്ലിം ലീഗ് കമ്മറ്റി ഓഫീസ്, എടച്ചേരി ചെക്ക് മുക്കിലെ സി.പി.എം ബസ് സ്റ്റോപ്പ് എന്നിവയ്ക്ക് നേരെയാണ് ഇവർ അക്രമം നടത്തിയത്. നാദാപുരം സി.ഐ. എൻ.സുനിൽ കുമാർ, എസ്.ഐ. പി.എം സുനിൽകുമാർ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.