prakashan

കോഴിക്കോട്: എന്നും വിരുന്നുവരുന്ന തത്തകൾക്ക് പ്രകാശന്റെ വീട്ടിൽ ഓണനാളുകളിൽ സദ്യ ഒരുങ്ങി. നൂറ്റമ്പതോളം തത്തകൾക്ക് പ്രകാശനും ഭാര്യയും ഇലയിട്ട് വിഭവങ്ങൾ വിളമ്പി. രണ്ട് കൂട്ടം പഴവും കാരറ്റും പയറും നെല്ലും ഉൾപ്പെടെ 12 വിഭവങ്ങൾ...

തത്തമ്മകൂട്ടത്തെ കുടുംബാംഗങ്ങളായാണ് പ്രകാശനും വീട്ടുകാരും കാണുന്നത്. ഇവയുടെ കൊഞ്ചൽ കേട്ടാണ് എന്നും രാവിലെ പ്രകാശന്റെ വീടുണരുന്നത്. ആറ് കൊല്ലമായി ഇവർ പ്രകാശന്റെ വീട്ടിലെ നിത്യസന്ദർശകരാണ്. തത്തകൾക്ക് പ്രിയംകരമാവാൻ പ്രകാശൻ വീടിന് പച്ചനിറവും നൽകി.

രാവിലെ ആറരയോടെ പ്രകാശനും ഭാര്യയും വിഭവങ്ങൾ ഒരുക്കും. നെല്ല്, പയറ്, പഴം, പേരക്ക... എല്ലാം കഴുകി വൃത്തിയാക്കിയാണ് വയ്‌ക്കുന്നത്. പിന്നെ നീട്ടിയൊന്ന് ചൂളം വിളിക്കും. ഉടൻ പറന്നിറങ്ങുന്ന തത്തക്കൂട്ടം കൊത്തിപ്പെറുക്കലും കലപിലയുമായി സന്ധ്യ വരെ ഇവിടെ ഉണ്ടാവും. ദിവസവും നൂറ്റമ്പത് രൂപ വരെ ചിലവുണ്ട് തത്തകൾക്കുള്ള ഭക്ഷണത്തിന്.

മണിക്കുട്ടിയെ കിട്ടി, പിന്നാലെ...

പ്രകൃതിയെ സ്നേഹിക്കുന്ന ഫോട്ടോഗ്രാഫറാണ് പ്രകാശൻ.കോഴിക്കോട് കക്കോടി പഞ്ചായത്തിലെ മോരിക്കരയിലാണ് വീട്. വീട് അടച്ചു പോകേണ്ടി വന്നാൽ തത്തകൾക്ക് ഭക്ഷണം കൊടുക്കാൻ അയൽവാസികളെ ഏൽപ്പിക്കും. അവർക്കും അത് ശീലമായി.

ഒരിക്കൽ പ്രകാശന് ഒരു തത്തക്കുഞ്ഞിനെ കിട്ടി. അതിനെ ഓമനിച്ചു വളർത്തി. മണിക്കുട്ടിയെന്ന് പേരും ഇട്ടു. മണിക്കുട്ടിയുടെ ഭക്ഷണം കഴിക്കാൻ മറ്റ് തത്തകൾ എത്താൻ തുടങ്ങി. അവർക്കും കൊടുക്കും. നാല് വർഷം മുമ്പ് മണിക്കുട്ടിയെ കാണാതായി. അതിന്റെ വിഷമം മാറിയിട്ടില്ല. സ്ഥിരമായി അടുത്തെത്തി കൊഞ്ചുന്ന തത്തകളിൽ മണിക്കുട്ടി ഉണ്ടെന്നാണ് പ്രകാശന്റെ വിശ്വാസം.

പേരക്കുട്ടികളായ ധ്യാനും ചൈത്രയുമുണ്ട് തത്തകളെ ഓമനിക്കാൻ. ഒരുവയസ് തികയാത്ത ചിക്കുമോൾക്കും തത്തകൊഞ്ചൽ ഇഷ്ടമാണ്.

''ഇവ ഞങ്ങൾക്ക് വിരുന്നുകാരല്ല, ആറ് കൊല്ലമായി ഞങ്ങൾ ഒരേ വീട്ടുകാരാണ്."

പ്രകാശൻ,

ഫോട്ടോഗ്രാഫർ