കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശുചിത്വ പദവി നിശ്ചയിക്കാൻ ജില്ലയിൽ പരിശോധന ടീം രൂപീകരിച്ചു. അഞ്ച് ടീമുകളാണ് സർക്കാർ നിർദേശ പ്രകാരം ജില്ലാ കളക്ടർ രൂപീകരിച്ചത്. 37 പഞ്ചായത്തുകളും മൂന്ന് മുനിസിപ്പാലിറ്റികളും കോർപ്പറേഷനുമാണ് പദവിയ്ക്ക് ഒരുങ്ങുന്നത്. കേരളത്തിലെ 500 പഞ്ചായത്തുകളും 50 നഗരസഭകളും ശുചിത്വ പദവിയിലേക്ക് എത്തിക്കാനുള്ളത് കർമ്മ പദ്ധതിയിലെ പ്രധാന ലക്ഷ്യമാണ്.

ഹരിതകേരള മിഷൻ, ശുചിത്വ മിഷൻ, ഗ്രാമ വികസന വകുപ്പ്, നഗരകാര്യ വകുപ്പ്, ക്ലീൻ കേരള കമ്പനി, കുടുംബശ്രീ മിഷൻ എന്നീ വകുപ്പ് പ്രതിനിധികളാണ് ആദ്യഘട്ടത്തിൽ പരിശോധിക്കുക. കൊയിലാണ്ടി, വടകര നഗരസഭകളുടെ പരിശോധന പൂർത്തിയാക്കി. 7, 8, 9, 11 തിയതികളിൽ മറ്റിടത്തുമെത്തും.

പതിനൊന്ന് മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി പരമാവധി 100 മാർക്ക് വരുന്ന നിലയിൽ 20 ചോദ്യങ്ങളെ അടിസ്ഥാനമാക്കിയാണ് ശുചിത്വ പദവി നിർണ്ണയിക്കുക. 60 ശതമാനം മാർക്ക് ലഭിക്കുന്ന സ്ഥാപനങ്ങൾക്ക് ശുചിത്വ പദവി ലഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റ്, ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, സെക്രട്ടറി, അസി. സെക്രട്ടറി, വി.ഇ.ഒ, എം.ജി.എൻ.ആർ.ഇ.ജി.എസ്.എ.ഇ, ഹരിതകർമ്മസേന പ്രതിനിധികൾ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺ, ഹരിത സഹായ സ്ഥാപന പ്രതിനിധികൾ എന്നിവരുമായി ചർച്ച ചെയ്യുകയും ഫീൽഡ് സന്ദർശനം നടത്തി മാലിന്യ സംസ്‌കരണത്തിൽ എന്തെല്ലാം ചെയ്യാനുണ്ടെന്നും വിലയിരുത്തും.