മേപ്പാടി: വനംവകുപ്പിന്റെ മേപ്പാടി റെയ്ഞ്ച് പരിധിയിൽ വരുന്ന വിത്ത്കാട് ഭാഗത്തു നിന്ന് ചന്ദനമരങ്ങൾ മുറിച്ചു കടത്തിയ കേസ്സിലെ പ്രതികൾ പിടിയിലായി. ചൂരൽമല, മൂലവളപ്പിൽ അനൂപ് (24), മുക്കിൽപീടിക സ്വദേശി പി.കെ.മുഹമ്മദ് ഷഫീഖ് (25) എന്നിവരാണ് പിടിയിലായത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ചന്ദനമരങ്ങൾ മുറിച്ചു കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പി.രഞ്ജിത്കുമാർ അറിയിച്ചു. കേസ്സിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ബാക്കിയുളളവരെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചതായും മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. ബാബുരാജ് അറിയിച്ചു. പ്രതികൾക്കെതിരെ സമാന കേസ്സുകളും കൂടാതെ കഞ്ചാവ് വിൽപ്പന നടത്തിയതിനും പൊലീസിലും എക്‌സൈസിലും കേസ്സുകളുണ്ട്. അന്തർ സംസ്ഥാന കഞ്ചാവ് മാഫിയയിലെ സംഘാംഗമാണ് അനൂപ്. സംസ്ഥാനാന്തര പാതകളിൽ വാഹനങ്ങൾ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന കേസ്സുകളിലും പ്രതിയാണിയാൾ.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.പി.അഭിലാഷ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ സി.സി.ഉഷാദ്, കെ.ആർ.വിജയാനാഥ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പിഎസ്.അജീഷ്, ബിബിൻ എന്നിവരാണ് പ്രതികളെ പിടി കൂടിയ സംഘത്തിലുണ്ടായിരുന്നത്.