sree

കോഴിക്കോട്: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണജയന്തി ആഘോഷ പരിപാടികൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇത്തവണ വീടുകളിൽ നടക്കും.

വീടൊരുക്കാം, വീണ്ടെടുക്കാം, വിശ്വശാന്തിയേകാം എന്ന സന്ദേശത്തിലാണ് ജന്മാഷ്ടമി. ശോഭായാത്രകൾ ഇത്തവണയില്ല. ശ്രീകൃഷ്ണജയന്തി ദിവസം വീട്ടുമുറ്റം വൃന്ദാവന മാതൃകയിൽ അലങ്കരിച്ച് കുട്ടികൾ കൃഷ്ണ, ഗോപിക വേഷങ്ങളും മുതിർന്നവർ കേരളീയ വേഷവും ധരിച്ച് ശ്രീകൃഷ്ണജയന്തി ആഘോഷിക്കും.
രാവിലെ മുറ്റത്ത് കൃഷ്ണപ്പൂക്കളം ഒരുക്കുന്നത് മുതൽ ആഘോഷം തുടങ്ങും. കണ്ണനൂട്ട്, അമ്പാടിക്കാഴ്ച്ചയൊരുക്കൽ, ഗോകുല പ്രാർത്ഥന, ഹരേരാമ മന്ത്രം, ഗോകുലഗീതം എന്നിവയും വൈകീട്ട് ജന്മാഷ്ടമി ദീപക്കാഴ്ചയൊരുക്കി മംഗളശ്ലോകത്തോടെ പരിപാടികൾ സമാപിക്കും. പ്രസാദവിതരണവും നടത്തും.
ജന്മാഷ്ടമി ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന് വീടുകളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും പതാക ഉയർത്തും. അന്നുമുതൽ വീട്ടുമുറ്റത്ത് അലങ്കരിച്ച കൃഷ്ണകുടീരം തയ്യാറാക്കി സന്ധ്യാദീപം തെളിയിക്കും. ഗോപൂജ, തുളസീവന്ദനം, ഭജനസന്ധ്യ, പാരായണം, ഗീതാവന്ദനം, വൃക്ഷപൂജ തുടങ്ങിയ പരിപാടികളും വീടുകൾ കേന്ദ്രീകരിച്ച് നടത്തും. സെപ്തംബർ രണ്ട് മുതൽ താലൂക്കുകൾ കേന്ദ്രീകരിച്ച് കൃഷ്ണലീലാ കലോത്സവം, സാംസ്‌ക്കാരിക സമ്മേളനം തുടങ്ങിയ പരിപാടികളും നവമാദ്ധ്യമങ്ങളിലൂടെ സംഘടിപ്പിക്കും.