മാനന്തവാടി :ഏറെ നാളത്തെ വിവാദങ്ങൾക്കൊടുവിൽ എരുമത്തെരുവിൽ നവീകരണം പൂർത്തീകരിച്ച നഗരസഭാ മത്സ്യ മാർക്കറ്റ് നാളെ തുറക്കും. ഒ.ആർ.കേളു എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും.

സബ് കലക്ടറുടെ ഉത്തരവിനെ തുടർന്ന് കഴിഞ്ഞ 2 വർഷമായി
അടച്ച് പൂട്ടിയ മത്സ്യ മാർക്കറ്റാണ് നാളെ വ്യാപാരത്തിനായി തുറന്ന്കൊടുക്കുന്നത്. നവീകരിച്ച കെട്ടിടത്തിലെ മാംസ മാർക്കറ്റ് 15 ന് നടക്കുന്ന ലേലത്തിന് ശേഷം പ്രവർത്തനം ആരംഭിക്കും.

മാലിന്യ പ്ലാന്റ് ഇല്ലാത്തതും നിർമാണം വൈകിയതും മറ്റും ഏറെ വിവാദങ്ങൾക്ക് ഇട നൽകിയിരുന്നു. മാലിന്യ പ്ലാന്റ് നിർമാണം പാതിവഴിയിൽ നിലയ്ക്കുകയും പരിസര
മലനീകരണം ഏറുകയും ചെയ്തതോടെയാണ് നാട്ടുകാർ പരാതി ഉയർത്തിയത്. ഇതേതുടർന്ന് അന്നത്തെ സബ് കലക്ടർ എൻ.എസ്.കെ. ഉമേഷ് മാർക്കറ്റ് അടച്ച്
പൂട്ടാൻ ഉത്തരവിടുകയായിരുന്നു.

മാർക്കറ്റ് അടച്ച് പൂട്ടിയതോടെ നഗരത്തിലെ ചില സ്വകാര്യ കെട്ടിടങ്ങളിൽ അനധികൃതമായി മത്സ്യ–മാംസ മാർക്കറ്റുകൾ
പ്രവർത്തിച്ച് വരികയായിരുന്നു. പുതിയ മത്സ്യ മാർക്കറ്റ് പ്രവർത്തനം ആരംഭിക്കുന്നതോടെ നഗരത്തിലെ മറ്റിടങ്ങളിൽ നടക്കുന്ന മത്സ്യ കച്ചവടങ്ങൾ പൂർണമായും നിർത്തലാക്കുമെന്ന് നഗരസഭാ അദ്ധ്യക്ഷൻ വി.ആർ.പ്രവീജ് പറഞ്ഞു.