സുൽത്താൻ ബത്തേരി: കൊവിഡ് 19 രോഗവ്യാപനം രൂക്ഷമായ അമ്പലവയലിൽ ഇന്നലെ നേരിയ ആശ്വാസത്തിന്റെ ദിനം. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് സമ്പർക്ക രോഗികളുടെ എണ്ണം വളരെ കുറവാണ്. 149 പേർക്ക് നടത്തിയ ആന്റിജൻ പരിശോധനയിൽ ആറ്‌ പേർക്ക് മാത്രമാണ്‌ രോഗം സ്ഥിരീകരിച്ചത്.

അമ്പലവയൽ പഞ്ചായത്തിലെ രണ്ട്‌പേർക്കും നെന്മേനി പഞ്ചായത്തിലെ നാല്‌ പേർക്കുമാണ്‌ രോഗം സ്ഥിരീകരിച്ചത്. ഇവരെല്ലാം അമ്പലവയൽ മാവേലിസ്റ്റോറിൽ നിന്നുള്ള സമ്പർക്കത്തിൽ പെട്ടവരാണ്.
കഴിഞ്ഞ ദിവസം നടത്തിയ ആന്റിജൻ ടെസ്റ്റിൽ ഇവിടെ 18 പേർക്കാണ്‌ പോസിറ്റീവ് ആയത്. ഇവരുടെ സമ്പർക്ക പട്ടികയിലുള്ളവരെയാണ് ഇന്നലെ അമ്പലവയലിലെ സ്വകാര്യ റിസോർട്ടിൽ വെച്ച് ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കിയത്.

അഞ്ഞൂറ്‌പേരാണ് മൊത്തം സമ്പർക്ക പട്ടികയിലുള്ളത്. ഇതിൽ 170 പേരെയാണ് ഇന്നലെ ടെസ്റ്റ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ 149പേർക്ക് മാത്രമെ പരിശോധന നടത്താനായുള്ളൂ. ബാക്കിയുള്ളവരെ വരും ദിവസങ്ങളിൽ പരിശോധനയ്ക്ക് വിധേയമാക്കും.

ഇന്നലെ രോഗബാധ സ്ഥിരീകരിച്ച ആറ്‌ പേരുടെ സമ്പർക്ക പട്ടികയിലുള്ളവരെയും വരും ദിവസങ്ങളിൽ പരിശോധിക്കും.
രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പഞ്ചായത്തിലെ എല്ലാ വാർഡുകളും കണ്ടെയ്‌മെന്റ് സോണാക്കി. കഴിഞ്ഞ ദിവസം രാത്രി തന്നെ അമ്പലവയൽ-അമ്പുകുത്തി റോഡും, അമ്പലവയൽ-മീനങ്ങാടി റോഡും പൊലീസ് അടച്ചു. ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചു. ഇന്നലെ ആറ്‌ പേർക്ക്‌ പോസിറ്റീവ് ആയതോടെ ആരോഗ്യവകുപ്പും പൊലീസും, പഞ്ചായത്തും കർശന നിയന്ത്രണങ്ങളുമായി രംഗത്തിറങ്ങിയിട്ടുണ്ട്.