കോഴിക്കോട്: ഹോമിയോ രംഗത്തെ വികസനത്തിന് ഇടപെടുന്നതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർ പറഞ്ഞു. കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലെ പുതിയ കെട്ടിടം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നാല് നിലകളുടെ ഉദ്ഘാടനമാണ് നിർവഹിച്ചത്.

സർക്കാർ അധികാരത്തിൽ വരുമ്പോൾ ഹോമിയോ ഡിസ്‌പെൻസറി ഇല്ലാത്ത 40 പഞ്ചായത്തുകൾ ഉണ്ടായിരുന്നു. ഇതിൽ 10 പഞ്ചായത്തുകളിൽ ഡിസ്‌പെൻസറി ആരംഭിച്ചതായി മന്ത്രി പറഞ്ഞു. മറ്റു പഞ്ചായത്തുകളിലും സർക്കാർ ഭരണം പൂർത്തിയാക്കുന്നതിന് മുൻപ് ഹോമിയോ ഡിസ്‌പെൻസറികൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

സ്‌പെഷ്യൽ ഒ.പികൾ, നൂറുപേരെ കിടത്തി ചികിത്സിക്കാനുള്ള വാർഡുകൾ, കമ്പ്യൂട്ടറൈസ്ഡ് ലബോറട്ടറി, എക്‌സ്‌ റേ, സി.ടി സ്‌കാൻ, യു.എസ്.ജി സ്‌കാൻ, പേ വാർഡുകൾ, നഴ്‌സിംഗ്/ഡോക്ടേഴ്‌സ് റൂം/ഓഫീസ് തുടങ്ങിയ സൗകര്യങ്ങൾ അടങ്ങിയതാണ് പുതിയ കെട്ടിടം.

എ. പ്രദീപ്കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മേയർ തോട്ടത്തിൽ രവീന്ദ്രൻ, എം.കെ രാഘവൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൽ ഡോ. പി. അബ്ദുൾ ഹമീദ്, ജില്ലാ കളക്ടർ എസ്. സാംബശിവ റാവു, ഡോ. ഗീത ജോസ്, ഡോ. പി. സുനിൽ രാജ്, ഡോ. വിജയാംബിക, കെ. ലേഖ, കെ.സി ശോഭിത, പി.ടി അബ്ദുൽ ലത്തീഫ്, അനൂപ്, ബേബി വാസൻ, ബിനീഷ് കുമാർ, പി. ഇസ്മായിൽ, കബീർ സലാല, മോഹനൻ പൊറ്റെക്കാട്, സി.കെ പ്രകാശൻ, ഓ. സദാശിവൻ, ഡോ. പി. വിജയൻ, ഹരികൃഷ്ണൻ, പ്രേം രാജ് തുടങ്ങിയവർ പങ്കെടുത്തു.