കോഴിക്കോട് : നാദാപുരം താലൂക്കാശുപത്രിയിലെ നവീകരിച്ച അത്യാഹിത വിഭാഗം വീഡിയോ കോൺഫറൻസിലൂടെ മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ താലൂക്കാശുപത്രികളിലെ മുഴുവൻ അത്യാഹിത വിഭാഗവും അത്യാധുനിക സംവിധാനങ്ങളോടുകൂടി നവീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ ഇ ഹെൽത്ത് സൗകര്യം ഒരുക്കുന്നതിന് എം.എൽ.എ ആസ്തിവികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ചതായി ഇ.കെ. വിജയൻ എം.എൽ.എ അറിയിച്ചു. ടെലി മെഡിസിൻ സൗകര്യത്തിലൂടെ രോഗികളെ വീട്ടിലിരുന്ന് പരിശോധിക്കുന്നതാണ് ഇ -ഹെൽത്ത് പദ്ധതി. ഇതിനാവശ്യമായ ഇന്റർ നെറ്റ് സൗകര്യം , കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള ഭൗതിക സാഹചര്യം തുടങ്ങിയവ ഒരുക്കുന്നതിനാണ് തുക അനുവദിച്ചത്.
ജില്ലാ മെഡിക്കൽ ഓഫീസർക്കാണ് പദ്ധതിയുടെ നിർവ്വഹണ ചുമതല.

നാദാപുരം താലൂക്ക് ആശുപത്രിയിൽ സ്വകാര്യ ആശുപത്രികളെ വെല്ലുന്ന രീതിയിലുള്ള എമർജൻസി യൂണിറ്റാണ് പൂർത്തീകരിച്ചിരിക്കുന്നത്. നാഷണൽ ഹെൽത്ത് മിഷൻ മുഖേന സിവിൽ വർക്കിന് 11 ലക്ഷംരൂപ വിനിയോഗിച്ചു. 31,79,898 രൂപയുടെ സിഫിബ്രിലേറ്റർ, ഇ.സി.ജി മെഷീൻ, ഐ.സി.യു കോട്ട്, പൾസ് ഓക്‌സി മീറ്റർ, വെന്റിലേറ്റർ, ഇൻവെർട്ടർ തുടങ്ങിയ ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. 8,36,595രൂപയുടെ മെഡിക്കൽ ഗ്യാസ് പൈപ്പ് ലൈൻ സിസ്റ്റവും ഇവിടെ തയ്യാറാക്കിയിട്ടുണ്ട്.
അത്യാഹിത വിഭാഗം ശിലാഫലകം ഇ കെ വിജയൻ എംഎൽഎ അനാഛാദനം ചെയ്തു ജില്ലാ കളക്ടർ സാംബശിവറാവു , ഡി.എം.ഒ. ഡോ.ജയശ്രീ വി ,ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.നവീൻ, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. ബാലകൃഷ്ണൻ ,വൈസ് പ്രസിഡന്റ് ടി.എം.ചന്ദ്രി, നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാം കുനി തുടങ്ങിയവർ പങ്കെടുത്തു.