നടുവണ്ണൂർ: നടുവണ്ണൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ മികവിന്റെ കേന്ദ്രമാവുന്നു. എം.എൽ.എ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തിയാക്കിയ സ്‌കൂൾ കെട്ടിടം സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായി നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ നടപ്പാക്കുന്ന പദ്ധതികളിൽ ഒന്നാണ് 'മികവിന്റെ കേന്ദ്രം' പദ്ധതി. ഇതിന്റെ ഭാഗമായാണ് ബാലശ്ശേരി നിയോജക മണ്ഡലത്തിലെ നടുവണ്ണൂർ ഹയർസെക്കൻഡറി സ്‌കൂളിലെ കെട്ടിടവും ഉദ്ഘാടനം ചെയ്യുന്നത്. കിഫ്ബി ധന സഹായത്തോടെയാണ് നിർമ്മാണം പൂർത്തീകരിച്ചത്.

എം.എൽ.എ ഫണ്ടിൽ നിന്ന് 75 ലക്ഷം രൂപയാണ് വിദ്യാലയത്തിനായി ചെലവഴിച്ചത്. ജില്ലാ പഞ്ചായത്ത് അനുവദിച്ച 1.75 കോടി രൂപയും വിദ്യാലയത്തിലെ വിവിധ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി ചെലവഴിച്ചു.

താഴെ നിലയിൽ നാല് ക്ലാസ് റൂം, രണ്ട് ടോയ്‌ലറ്റ് ബ്ലോക്ക്, സ്റ്റാഫ് റൂം, ഒന്നാം നിലയിൽ നാല് ക്ലാസ് മുറികൾ, രണ്ട് ടോയ്‌ലറ്റ് ബ്ലോക്ക്, ഒരു ഐടി ലാബ്, രണ്ടാം നിലയിൽ നാല് ക്ലാസ് മുറികൾ, രണ്ട് ടോയ്‌ലറ്റ് ബ്ലോക്ക്, സയൻസ് ലാബ് എന്നിവയാണ് ക്രമീകരിച്ചിരിക്കുന്നത്. നോർത്ത് ബ്ലോക്കിലെ ഗ്രൗണ്ട് ഫ്‌ളോറിൽ മൂന്ന് ക്ലാസ് മുറികൾ, അടുക്കള, സ്റ്റോർ റൂം, ഭക്ഷണം വിതരണം ചെയ്യാനുള്ള സ്ഥലം, രണ്ട് ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവയും ഒന്നാം നിലയിൽ അഞ്ച് ക്ലാസ് മുറികളും രണ്ട് ടോയ്‌ലറ്റ് ബ്ലോക്കുമാണ് ഉള്ളത്. ജലനിധി പദ്ധതിയുടെ സഹായത്തോടെ 40 പെൺകുട്ടികൾക്ക് ഒരേസമയം ഉപയോഗിക്കാവുന്ന വിധത്തിലുള്ള സ്ത്രീ സൗഹൃദ ടോയ്‌ലറ്റ്, സ്മാർട്ട് ക്ലാസ് റൂമുകൾ, സ്മാർട്ട് ഹാൾ, സയൻസ് ലാബ്, ലൈബ്രറി തുടങ്ങിയ ഭൗതിക സൗകര്യങ്ങളും സ്‌കൂളിൽ ഒരുക്കിയിട്ടുണ്ട്. സൗത്ത് ബ്ലോക്കിൽ കാർ പാർക്കിംഗ് സൗകര്യമുണ്ട്. രാവിലെ 11 മണിക്ക് നടക്കുന്ന ഉദ്ഘാടനചടങ്ങിൽ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥും ധനമന്ത്രി ഡോ. തോമസ് ഐസക്കും പങ്കെടുക്കും.