moshanam
പിടിയിലായ മോഷണക്കേസിലെ പ്രതികൾ

കോഴിക്കോട് : നഗരത്തിൽ പെട്ടിക്കട കുത്തിത്തുറന്ന് ലോട്ടറി ടിക്കറ്റും സിഗരറ്റും മോഷ്ടിച്ച കേസിലെ പ്രതികൾ തോക്കുമായി അറസ്റ്റിൽ. കുറ്റ്യാടി പാതിരാപ്പറ്റ കൽപ്പത്തുമ്മൽ അൽത്താഫ് (33), അരക്കിണർ പുതുക്കുടൻ ഷാനിൽ(25) എന്നിവരാണ് അറസ്റ്റിലായത്.

ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് മാനാഞ്ചിറ എസ്.ബി.ഐ ബസ്‌ സ്റ്റോപ്പിന് പിറകിൽ വെച്ചാണ് രണ്ട് പേരെയും ടൗൺ എസ്.ഐ ബിനിത്തും സംഘവും അറസ്റ്റ് ചെയ്തത്. പിടികൂടുമ്പോൾ ഇരുവരുടെയും കൈയിൽ തോക്കുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അൽത്താഫ് നഗരപരിധിയിലെ പതിനാലോളം കേസിലെ പ്രതിയാണ്. നടക്കാവ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമക്കേസ്, കസബ പൊലീസ് സ്റ്റേഷനിലെ പെറ്റ്‌ഷോപ്പിൽ നടന്ന മോഷണം എന്നതുൾപ്പെടെയുള്ള കേസുകളിൽ അൽത്താഫിനെ പൊലീസ് തിരയുകയായിരുന്നു. അൽത്താഫിൽ നിന്ന് മോഷണം പോയ ലോട്ടറി ടിക്കറ്റുകൾ ഉൾപ്പെടെ പൊലീസ് കണ്ടെടുത്തു.

സി.ഐ. ഉമേഷിന്റെ നിർദേശപ്രകാരം ടൗൺ എസ്. ഐ കെ.ടി. ബിനിത്ത്, എ.എസ്.ഐ. ബാബു, എസ്.ടി.പി.ഒ. സജേഷ് കുമാർ, സി.പി.ഒ അനൂജ്, പ്രത്യേക സ്‌ക്വാഡ് അംഗങ്ങളായ മുഹമ്മദ് ശാഫി, പ്രശാന്ത് എന്നിവരാണ് പ്രതികളെ പിടികൂടിയത്. രണ്ടാംഗേറ്റിന് സമീപമുള്ള കടയിലാണ് വെള്ളിയാഴ്ച രാത്രി മോഷണം നടന്നത്. 8000 രൂപയുടെ സിഗരറ്റും 18000 രൂപയുടെ ലോട്ടറിടിക്കറ്റുകളും മോഷണം പോയിരുന്നു. പരാതിയിൽ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെയാണ് പ്രതികൾ അറസ്റ്റിലായത്.