stree

കോഴിക്കോട്: കൊവിഡ് തളർത്തിയെങ്കിലും അതിജീവനത്തിന്റെ വഴി വാണിഭം നാട്ടിൻ പുറത്തും നഗരങ്ങളിലും പൊടിപൊടിക്കുകയാണ്. ഉണക്കമീൻ മുതൽ തുണിത്തരങ്ങൾ വരെയുണ്ട് വഴിയോരങ്ങളിൽ. ലോക്ക് ഡൗണിൽ ജോലി നഷ്ടപ്പെട്ടവർ, പ്രവാസികൾ കോളേജ് വിദ്യാർത്ഥികൾ... അങ്ങനെ നീളുന്നു തെരുവോര കച്ചവടക്കാരുടെ മേൽവിലാസം. നഗരങ്ങളിൽ വഴിയോര കച്ചവടം ദിനംപ്രതി കൂടി വരികയാണ്. പഴം, പച്ചക്കറി, ഭക്ഷണങ്ങൾ, ചെരുപ്പ്, പാത്രം, വീട്ടുപകരണങ്ങൾ തുടങ്ങി ആകാശത്തിന് കീഴെ സകലതും ഇപ്പോൾ കിട്ടും. ലൈസൻസോ പ്രത്യേക മാർക്കറ്റോ, കടയോ ആവശ്യമില്ലെന്നതാണ് തൊഴിൽ രഹിതർക്ക് തെരുവിലെത്താൻ പ്രേരണയായത്.

പച്ചക്കറിയും പലചരക്കും വസ്ത്രങ്ങളും വിലക്കുറവിൽ കിട്ടിയതോടെ ഉപഭോക്താക്കളും തെരുവോര കച്ചവടക്കാരെ സ്വീകരിച്ചിരിക്കുകയാണ്. എന്നാൽ ആരോഗ്യ വകുപ്പിന് തെരുവ് കച്ചവടക്കാരെ കൊണ്ട് തലവേദനയായിട്ടുണ്ട് . ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കച്ചവടക്കാരുടെ വിവരങ്ങൾ പഞ്ചായത്തുകളിലും ലഭ്യമല്ല. ഒാരോ ദിവസവും ഒാരോ പ്രദേശം കേന്ദ്രീകരിച്ചാണ് ഇവരുടെ കച്ചവടം. അതിനാൽ രോഗ വ്യാപനമുണ്ടായാൽ സമ്പ‌ർക്ക പട്ടിക തയ്യാറാക്കൽ ഏറെ ശ്രമകരമാകും.