കോഴിക്കോട്: ചാലിയത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളം തകർന്ന് കോഴിക്കോട് ബീച്ചിൽ കരയ്ക്കടിഞ്ഞു. അപകടത്തിൽപ്പെട്ട അഞ്ച് മത്സ്യത്തൊഴിലാളികൾ രക്ഷപ്പെട്ടു. കന്യാകുമാരി കൊല്ലങ്കോട് സ്വദേശികളായ ഫ്രാൻസിസ്, ഡേവിഡ്‌സൺ, ബിനു, സെൽവദാസ്, ഷിബു എന്നിവരാണ് അപകടത്തിൽപെട്ടത്. ഇവർ സഞ്ചരിച്ച ബോട്ട് ഞായറാഴ്ച്ച രാത്രിയോടെ ശക്തമായ കാറ്റിൽ നെടുകെ പിളരുകയായിരുന്നു. പുതിയാപ്പയ്ക്ക് സമീപം ആഴക്കടലിൽ അകപ്പെട്ട അഞ്ച് പേരേയും മറ്റ് മത്സ്യത്തൊഴിലാളികളും കോസ്റ്റ് ഗാർഡും ചേർന്നാണ് രക്ഷിച്ചത്. ഇവരെ മറ്റൊരു ബോട്ടിൽ ബേപ്പൂർ തുറമുഖത്ത് എത്തിച്ചു. അപകടത്തിൽ മത്സ്യബന്ധന ഉപകരണങ്ങൾ നഷ്ടമായി. തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ള ഫൈബർ വള്ളത്തിൽ കഴിഞ്ഞ മൂന്നാം തീയതിയാണ് മത്സ്യ ബന്ധനത്തിന് പുറപ്പെട്ടത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മത്സ്യ ബന്ധനം നടത്തിയതിനാൽ ഉടൻ നാട്ടിലേക്ക് തിരിക്കുമെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു.