pookod

കൽപറ്റ: പൂക്കോട് തടാകത്തിലെ ചളിയും പായലും കളകളും നീക്കി തടാകം ശുചീകരിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സംസ്ഥാന ടൂറിസം വകുപ്പ് ഒമ്പതു കോടി രൂപ അനുവദിച്ചു. ഇതിൽ എട്ടു കോടി രൂപ പായലും ചളിയും നീക്കുന്നതിനും അടിസ്ഥാന സൗകര്യ നവീകരണത്തിനുമാണ് വിനിയോഗിക്കുകയെന്നു ഡി.ടി.പി.സി മെംബർ സെക്രട്ടറി ബി.ആനന്ദ് പറഞ്ഞു.

കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള വാട്ടർ ആൻഡ് പവർ കൺസൾട്ടൻസി സർവീസസിനാണ് (വാപ്‌കോസ്) തടാക ശുചീകരണ ചുമതല. ഭരണാനുമതി ലഭിച്ച പ്രവൃത്തി സാങ്കേതിനാനുമതി കിട്ടുന്ന മുറയ്ക്കു തുടങ്ങും. കേരള ഇൻഡസ്ട്രിയൽ ആൻഡ് ടെക്നിക്കൽ കൺസൾട്ടൻസി ഓർഗനൈസേഷനാണ് (കിറ്റ്‌കോ) മറ്റു പ്രവൃത്തികൾ നടത്തുക.

തടാകക്കരയിലെ പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കി പരിസ്ഥിതി സൗഹൃദ കെട്ടിടങ്ങൾ നിർമിക്കും. നടപ്പാതകൾ നവീകരിക്കും. സഞ്ചാരികൾക്കായി ബാറ്ററിയിൽ ഓടുന്ന വണ്ടികൾ തടാകക്കരയിൽ ഏർപ്പെടുത്തും. അന്താരാഷ്ട നിലവാരത്തിൽ ടോയ്‌ലെറ്റ് ബ്ലോക്കു നിർമിക്കും. തളിപ്പുഴയിൽ ആധുനിക സൗകര്യങ്ങളോടെ ടോയ്‌ലെറ്റ് പണിയും. ഈ പ്രവൃത്തികൾക്കു 1.2 കോടി രൂപയുടെ ഭരണസാങ്കേതികാനുമതി ലഭിച്ചു.


സമുദ്രനിരപ്പിൽനിന്ന് 700 മീറ്റർ ഉയരത്തിലാണ് വിസ്തൃതിയിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തുള്ള പൂക്കോട് തടാകം. ജൈവവൈവിധ്യസമൃദ്ധവുമാണ് തടാകവും പരിസരവും. പൂക്കോട് പരൽ ഇവിടെ മാത്രം കാണുന്ന മത്സ്യഇനമാണ്. തടാകത്തെ ചുറ്റിയുള്ള വനപ്രദേശം 70ൽപരം ഇനം പക്ഷികളുടേയും നിരവധി ഇനം പൂമ്പാറ്റകളുടേയും ആവാസകേന്ദ്രമാണ്. ഫിഷറീസ് വകുപ്പിന്റെ കൈവശത്തിലുള്ള തടാകവും പരിസരവും 1990കളിലാണ് വിനോദസഞ്ചാരകേന്ദ്രമാക്കിയത്.ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനു കീഴിലാണ് ഇവിടെ ടൂറിസം.
നാല് പതിറ്റാണ്ടു മുൻപ് 8.5 ഹെക്ടറായിരുന്നു തടാകത്തിന്റെ വിസ്തൃതി. ആഴം 12 മീറ്ററും. നിലവിൽ ഇത് യഥാക്രമം ഏകദേശം 5.172 ഹെക്ടറും 6.5 മീറ്ററുമാണ്.


തടാക പരിസരത്തെ കുന്നുകളിൽ കൃഷിയും നിർമാണങ്ങളും തടയണമെന്ന് പൊതുതാത്പര്യ ഹർജികളിൽ 2006 ജനുവരി 31നും 2013 ഓഗസ്റ്റ് മൂന്നിനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൂക്കോട് വിനോദസഞ്ചാരകേന്ദ്രം ഏപ്രിൽ മുതൽ അടച്ചിട്ടിരിക്കയാണ്. തടാക ശുചീകരണവും മറ്റു പ്രവൃത്തികളും പൂർത്തിയായതിനുശേഷമായിരിക്കും ഇനി പൂർണതോതിലുള്ള ടൂറിസം.


ക്യാപ്ഷൻ പൂക്കോട് തടാകം(ഫയൽ).