മാനന്തവാടി: സ്ഥിരം യാത്രക്കാരെ ഉദ്ദേശിച്ചുള്ള ബോണ്ട് സർവീസ് കെ.എസ്.ആർ.ടി.സി മാനന്തവാടി ഡിപ്പോയിൽ നിന്ന് തുടങ്ങി. ഒരു ബസ് കൽപ്പറ്റയിലേക്കും, ഒന്ന് പൂക്കോട് വെറ്ററിനറി കോളേജിലേക്കുമാണ് സർവീസ് നടത്തുക.

രണ്ട് ബസ്സുകളും രാവിലെ 9 ന് മാനന്തവാടിയിൽ നിന്ന് പുറപ്പെടും. വൈകീട്ട് 5 ന് കൽപ്പറ്റയിൽ നിന്നും, 4.40 ന് വെറ്ററിനറി കോളേജിൽ നിന്നും മാനന്തവാടിയിലേക്ക് തിരിക്കും.

മാനന്തവാടി മുനിസിപ്പൽ ബസ് സ്റ്റാന്റിൽ നടന്ന ചടങ്ങിൽ ഒ.ആർ.കേളു എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്തു. നഗരസഭ ചെയർമാൻ വി. ആർ. പ്രവീജ് അദ്ധ്യക്ഷത വഹിച്ചു. ട്രാവൽ കാർഡ് വിതരണം കെ.എസ്.ആർ.ടി.സി നോർത്ത് സോൺ എക്സിക്യൂട്ടീവ് ഡയറക്ടർ സി.വി.രാജേന്ദ്രൻ നിർവ്വഹിച്ചു.
കെ.എസ്.ആർ.ടി.സി ബോർഡ് മെമ്പർ സി.എം.ശിവരാമൻ, നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ശോഭരാജൻ തുടങ്ങിയവർ പങ്കെടുത്തു.

ഓഫീസ് യാത്രകൾക്ക് സ്ഥിരമായി ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുളള സ്വന്തം വാഹനങ്ങൾ ഉപയോഗിക്കുന്ന സർക്കാർ, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരെ ആകർഷിക്കുന്നതിന് വേണ്ടിയാണ് കെ.എസ്.ആർ.ടി.സി ബോണ്ട് സർവീസ് ആരംഭിച്ചത്. ഈ സർവ്വീസുകളിൽ യാത്രക്കാർക്ക് 10, 15, 20 ദിവസത്തേക്കുള്ള കാർഡുകൾ മുൻകൂറായി പണം അടച്ച് ബോണ്ട് സീസൺ കാർഡുകൾ വാങ്ങാം. സൗജന്യ വൈഫൈ, ഓട്ടോമാറ്റിക് സാനിറ്റൈസർ, സീറ്റ് ലഭ്യത എന്നിവ ബോണ്ട് സർവീസിന്റെ പ്രത്യേകതയാണ്.

മാലിന്യ സംസ്‌കരണ പ്ലാന്റ് ഉദ്ഘാടനം ചെയ്തു
മാനന്തവാടി: മാനന്തവാടി നഗരസഭ എരുമതെരുവിൽ സ്ഥാപിച്ച മാലിന്യ സംസ്‌കരണ പ്ലാന്റ് ഉദ്ഘാടനം ചെയ്തു. പതിനൊന്ന് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് നഗരസഭ ആധുനിക രീതിയിലുള്ള ട്രീറ്റ്‌മെന്റ് പ്ലാന്റ് നിർമിച്ചത്. ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ ഉദ്ഘാടനം ഒ.ആർ.കേളു എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർമാൻ വി.ആർ.പ്രവീജ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ ശോഭരാജൻ, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.ടി.ബിജു ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കടവത്ത് മുഹമ്മദ്, ലില്ലികുര്യൻ കൗൺസിലർമാരായ ജേക്കബ് സെബാസ്റ്റ്യൻ, അബ്ദുൾ ആസിഫ് തുടങ്ങിയവർ പങ്കെടുത്തു.

മാർക്കറ്റ് പ്രവർത്തനം ആരംഭിക്കുന്നതോടെ ടൗണിലെ അനധികൃതമായ മൽസ്യ മാംസകച്ചവടങ്ങൾ പൂർണമായും ഒഴിവാകും. പൂർണമായും കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണ് മാർക്കറ്റ് പ്രവർത്തിക്കുക.


(ചിത്രം)

മാനന്തവാടി ഡിപ്പോയിൽ നിന്ന് ആരംഭിച്ച കെ.എസ്.ആർ.ടി.സി ബോണ്ട സർവീസ് ഒ.ആർ.കേളു എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്യുന്നു.


സാക്ഷരതാ ദിനാചരണം: മുതിർന്ന പഠിതാക്കളെ ആദരിക്കും

കൽപ്പറ്റ: ലോക സാക്ഷരതാ ദിനത്തോടനുബന്ധിച്ച് ജില്ലയിലെ 26 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മുതിർന്ന സാക്ഷരതാ പഠിതാക്കളെ ജനപ്രതിനിധികൾ ആദരിക്കും. ഇന്ന് രാവിലെ 9 മണിക്ക് ജില്ലാ സാക്ഷരതാ സമിതിയുടെ നേതൃത്വത്തിൽ പഠിതാക്കളുടെ വീടുകളിൽ എത്തി ജനപ്രതിനിധികളും സാക്ഷരതാ പ്രവർത്തകരും ചേർന്നാണ് ആദരിക്കുക.

പൊഴുതന പഞ്ചായത്തിലെ സുഗന്ധഗിരി ചെന്നായ്കവല കോളനിയിലെ 80 കാരിയായ കുങ്കി അമ്മയെ സി.കെ ശശീന്ദ്രൻ എം.എൽ.എ ആദരിക്കും. പടിഞ്ഞാറത്തറ പഞ്ചായത്തിലെ പുഞ്ചവയൽ കോളനിയിലെ 80 കാരികളായ കർത്ത, കറുമ എന്നീ മുതിർന്ന പഠിതാക്കളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ആദരിക്കും.

ജില്ലയിലെ ഏറ്റവും മുതിർന്ന പഠിതാവായ പനമരം പഞ്ചായത്തിലെ പാതിരയമ്പം കോളനിയിലെ 91 കാരിയായ പാറ്റയെ പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈനി കൃഷ്ണൻ ആദരിക്കും. ജില്ലയിലെ 2975 ആദിവാസി ഊരുകൾ കേന്ദ്രീകരിച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും സാക്ഷരതാ മിഷന്റെയും നേതൃത്വത്തിൽ വയനാട് സമ്പൂർണ്ണ ആദിവാസി പദ്ധതി ഉടനെ ആരംഭിക്കുമെന്നും ജില്ലാ ആദിവാസി സാക്ഷരതാ കോർഡിനേറ്റർ പി.എൻ ബാബു അറിയിച്ചു.


കൂട് മത്സ്യകൃഷി മന്ത്രി ജെമേഴ്സികുട്ടിയമ്മ ഇന്ന് ഉദ്ഘാടനം ചെയ്യും*

മാനന്തവാടി: റീ ബിൽഡ് കേരളയുടെ ഭാഗമായി ബാണാസുര സാഗർ അണക്കെട്ടിൽ ആരംഭിക്കുന്ന കൂട് മത്സ്യകൃഷി പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11 ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെമേഴ്സികുട്ടിയമ്മ ഓൺലൈനായി നിർവ്വഹിക്കും. അണക്കെട്ട് പരിസരത്തെ കുറ്റിയാംവയലിൽ നടക്കുന്ന ചടങ്ങിൽ സി.കെ ശശീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.

ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യകൃഷി, മത്സ്യസമൃദ്ധി പദ്ധതികളുടെ ഭാഗമായാണ് ബാണാസുര സാഗർ അണക്കെട്ടിലും പദ്ധതി നടപ്പാക്കുന്നത്.

ജലാശയത്തിൽ പ്രത്യേകം കൂടുകൾ സ്ഥാപിച്ച് അതിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് വളർത്തുന്നതാണ് പദ്ധതി. ബാണാസുര സാഗർ പട്ടിക വർഗ മത്സ്യത്തൊഴിലാളി റിസർവോയർ സഹകരണ സംഘത്തിലെ അംഗങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.

അംഗങ്ങളെ 10 പേർ വീതമുളള ഒമ്പത് ഗ്രൂപ്പുകളാക്കി തിരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു ഗ്രൂപ്പിന് 6x4x4 സൈസിലുളള 10 കൂടുകൾ വീതം ആകെ 90 കൂടുകളാണ് നൽകുക.

ഒരു കൂട്ടിൽ 3840 മത്സ്യകുഞ്ഞുങ്ങളെ വളർത്താനാകും. ഇത്തരത്തിൽ ആകെ 3,45,600 മത്സ്യകുഞ്ഞുങ്ങളെയാണ് ഫിഷറീസ് വകുപ്പ് വിവിധ ഘട്ടങ്ങളാലായി നിക്ഷേപിക്കുന്നത്. ഗിഫ്റ്റ് തിലാപ്പിയ ഇനത്തിൽപ്പെട്ട മത്സ്യകുഞ്ഞുങ്ങളെയാണ് ആദ്യഘട്ടത്തിൽ നിക്ഷേപിക്കുന്നത്. വർഷത്തിൽ രണ്ട് തവണ വിളവെടുപ്പ് നടത്താനാകും.