n0urlna

വടകര: 'ടി വി കാണാതെ പോയി വല്ലതും പഠിക്കാൻ നോക്ക് ' എന്ന പതിവ് 'ശല്യ'ത്തിന് കൊവിഡ് ബ്രേക്കിട്ടപ്പോൾ ടി വിയിലൂടെ കുട്ടികൾ പഠന കാര്യത്തിൽ മാത്രമല്ല പാഠ്യേതരത്തിലും മിടുക്കരായി. സ്കൂളിൽ ഓട്ടത്തിലും ചാട്ടത്തിലും സമ്മാനങ്ങൾ വാരിക്കൂട്ടിയ കണ്ണൂക്കരയിലെ നൗറീന ടെലിവിഷനിലൂടെ പഠിച്ചെടുത്തത് ബോട്ടിൽ ആർട്ടും കാലിഗ്രാഫിയും. പത്താംക്ലാസ് കഴിഞ്ഞ് വീട്ടിലിരിക്കുമ്പോഴാണ് കൊവിഡിന്റെ ലോക്കുകൂടി വന്നത്. വെറുതെയിരുപ്പ് ബോറായതോടെ ബോട്ടിൽ ആർട്ടുമായി ഇറങ്ങിയ നൗറീന ഇപ്പോൾ നാട്ടിലെ താരമാണ്. ചിത്രരചനയിലും മിടുമിടുക്കിയായി. കരകൗശല വസ്തുക്കൾ കാണുന്നവരെ അതിശയിപ്പിക്കുന്നതാണ് ഈ വിദ്യാർത്ഥിനിയുടെ ബോട്ടിൽ ആർട്ടുകളും കാലിഗ്രാഫും. വലിയ ബോട്ടിലുകൾക്ക് പകരം ഇഞ്ചക്ഷൻ ബോട്ടിലുകളിൽ വരയുന്ന ചിത്രങ്ങൾക്ക് നാട്ടിൽ ആവശ്യക്കാർ ഏറെയാണ്. കുട്ടികളെ കാണാൻ പോകുന്നവർ കുട്ടിയുടുപ്പിനൊപ്പം സമ്മാനമായി നൽകുന്നത് നൗറീന വരച്ച അറബിക് കാലിഗ്രാഫിയാണ്. മൈലാഞ്ചിയിടലിൽ 'പുലി'യാണ് നൗറീന. മൈലാഞ്ചിയിടൽ മത്സരങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയ ഈ കലാകാരി ബ്യൂട്ടി പാർലറുകളിലെ മൈലാഞ്ചി ഡിസൈനറാണ്. ഒഞ്ചിയം കണ്ണൂക്കര റോഡിലെ എടയത്ത് നടക്കുനിയിൽ യൂസഫ്-നസീമ ദമ്പതികളുടെ മകളാണ് നൗറീന. സഹോദരൻ റയീസ് ഹാർബറിൽ തൊഴിലാളിയാണ്.