കോഴിക്കോട്: മാനാഞ്ചിറ മൈതാനത്ത് 1991 ഏപ്രിൽ 18ന് നടന്ന സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനത്തിന്റെ സ്മരണാർത്ഥം സിവിൽ സ്റ്റേഷനിലെ ജില്ലാ സാക്ഷരതാ മിഷൻ ഓഫീസിലെ ഹാളിന് 'സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപന സ്മാരക ഹാൾ' എന്ന് പേരിടും. ലോക സാക്ഷരതാ ദിനമായ ഇന്ന് രാവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പ്രഖ്യാപനം നടത്തും. ജന പ്രതിനിധികളും സാക്ഷരതാ പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും. ഓൺലൈനിലൂടെ ചടങ്ങ് കാണാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനം സംബന്ധിച്ച സ്മരണ നിലനിർത്താനും റഫറൻസിനും ഹാൾ പ്രയോജനപ്പെടുത്തും. ഇവിടെ ഫോട്ടോഗാലറി ആരംഭിക്കാൻ ജില്ലാ സാക്ഷരതാ സമിതി തീരുമാനിച്ചതായും സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ അറിയിച്ചു.