രാമനാട്ടുകര: കുടിവെള്ള ക്ഷാമം രൂക്ഷമായ രാമനാട്ടുകരയിൽ കുടിവെള്ളത്തിനായി സമരത്തിനിറങ്ങി നാട്ടുകാർ. നഗരസഭയിലെ 19,20 ഡിവിഷനുകളിലെ പുഴയോരം റസിഡൻസ് അസോസിയേഷൻ, രാമനാട്ടുകര സൗത്ത് റസിഡൻസ് അസോസിയേഷൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നഗരസഭയിലേക്ക് മാർച്ച്.
കുടിവെള്ള ക്ഷാമം നേരിടുന്ന കുറ്റിയിൽ, ചെള്ളിപ്പാടം, കെയർവെൽ, സിൽക്ക് പാലം, പുല്ലാലയിൽ, കാക്കതയ്യിൽ, മുട്ടിയറ പ്രദേശങ്ങളിലെ 220 ഓളം വീട്ടുകാർക്ക് മഴക്കാലത്ത് പോലും കുടിവെള്ളത്തിന് പ്രതിസന്ധിയാണ്. കിണർ വെള്ളത്തിന് ഉപ്പുരസമായതോടെ വാട്ടർ അതോറിറ്റിയുടെ കുടിവെള്ളമാണ് ആശ്രയം. ഇതാകട്ടെ പലപ്പോഴും തടസ്സപ്പെടും. കാലഹരണപെട്ട പൈപ്പും മോട്ടോറും മാറ്റണമെന്നാണ് ആവശ്യം. ഇന്ന് ചീക്കോട് കുടിവെള്ള വിതരണ പദ്ധതി ഉദ്‌ഘാടനം ചെയ്യാനുള്ള നീക്കമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
മഴയെ വകവെക്കാതെ സ്ത്രീകളടക്കമുള്ളവർ കുട ചൂടി കുടവുമായി മാർച്ചിൽ അണിനിരന്നു. രാമനാട്ടുകര കെയർവെൽ ആശുപത്രിയ്ക്കു സമീപത്ത് നിന്നും തുടങ്ങിയ മാർച്ചിന് കുന്നത്തൂർ അസീസ്, എം. വിനോദ്, വി.കെ ഷിഹാബുദ്ധീൻ, ഇ.ടി കുഞ്ഞലവി, കെ.വി ബഷീർ, വി.വി സുധീർ എന്നിവർ നേതൃത്വം നൽകി. ധർണ്ണ രാമനാട്ടുകര റസിഡൻസ് അസോസിയേഷൻ ഏകോപന സമിതി പ്രസിഡന്റ് പറമ്പൻ ബഷീർ ഉദ്ഘാടനം ചെയ്തു. കെ.ടി റസാഖ് അദ്ധ്യക്ഷത വഹിച്ചു. അനീസ് തോട്ടുങ്ങൽ സ്വാഗതവും സി.പി മുഹമ്മദ് കോയ നന്ദിയും പറഞ്ഞു.