കോഴിക്കോട്: ആറന്മുളയിൽ കൊവിഡ് രോഗിയായ പെൺകുട്ടി ആംബുലൻസിൽ പീഡനത്തിന് ഇരയായ സംഭവത്തിൽ ആരോഗ്യവകുപ്പിനുണ്ടായ വീഴ്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി കെ.കെ. ശൈലജ രാജിവക്കണമെന്നാവശ്യപ്പെട്ട് മഹിളാമോർച്ച കോഴിക്കോട് കളക്‌ട്രേറ്റിലേക്ക് മാർച്ച് നടത്തി.

സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. തലയിണയ്ക്കടിയിൽ വാക്കത്തിയും വെച്ച് ഒരു സ്ത്രീക്കും ഉറങ്ങേണ്ടി വരില്ലെന്ന് ഉറപ്പുനൽകി അധികാരത്തിൽ വന്ന പിണറായി വിജയന്റെ ഭരണത്തിൽ സർക്കാർ വക ആംബുലൻസിൽ കൊവിഡ് രോഗിയ്ക്ക് പോലും രക്ഷയില്ലെന്ന് അവർ പറഞ്ഞു.

കൊവിഡ് രോഗികൾക്ക് പോലും സുരക്ഷയൊരുക്കാൻ സർക്കാരിനും ആരോഗ്യവകുപ്പിനും കഴിഞ്ഞില്ല. ഇവർ തന്നെയാണ് ഈ പീഡനത്തിന് ഉത്തരവാദികൾ. വാഹനത്തിൽ എന്തുകൊണ്ട് ആരോഗ്യപ്രവർത്തകർ ഉണ്ടായില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കണം. നിയമന സമയത്ത് എന്തുകൊണ്ട് ഡ്രൈവറുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിച്ചില്ല. ഇതിനും ഏജൻസികളെ ഏൽപ്പിച്ചിരിക്കുകയാണ് സർക്കാർ എന്നും അവർ കുറ്റപ്പെടുത്തി.
ജില്ലാ പ്രസിഡന്റ് രമ്യാ മുരളി അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.കെ. സജീവൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി എം. മോഹനൻ, സംസ്ഥാന കൗൺസിൽ അംഗം പി. രമണീഭായ്, മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ലൂസിയാമ അലി അക്ബർ എന്നിവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് വി. ശോഭാ സുരേന്ദ്രൻ, സോമിത ശശികുമാർ, പ്രസീദ, ബിന്ദുകുമാരി, സബിത വിനയ്, രാജേശ്വരി എന്നിവർ നേതൃത്വം നൽകി.