കുന്ദമംഗലം: ചാത്തൻകാവ് പൊതുജന വായനശാലയ്ക്കായി പണി തീർത്ത കെട്ടിടത്തിന്റെ ഉദ്ഘാടനം അഡ്വ.പി.ടി.എ റഹീം എംഎൽഎ നിർവഹിച്ചു. 2006 ൽ വാടക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച വായനശാലയ്ക്ക് സ്വന്തം കെട്ടിടം നിർമ്മിക്കാൻ എം.എൽ.എ യുടെ ആസ്തി വികസന പദ്ധതിയിൽ നിന്നു 25 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. 2013 ൽ ഏഴു ലക്ഷം രൂപ ചെലവഴിച്ചാണ് സ്ഥലം വാങ്ങിയത്. അകാലത്തിൽ പൊലിഞ്ഞ ആരതി, ആദർശ്, ഗൗതം കൃഷ്ണ എന്നിവരുടെ സ്മാരകമായാണ് പുതിയ കെട്ടിടം.
വായനശാലയിൽ അയ്യായിരത്തോളം പുസ്തകങ്ങളുണ്ട്. ബാലവേദി, വനിതാവേദി, യുവസമിതി, സീനിയർ സിറ്റിസൻസ് എന്നിങ്ങനെ സബ് കമ്മറ്റികൾ സജീവമായി പ്രവർത്തിച്ചുവരുന്നു.
ഉദ്ഘാടനച്ചടങ്ങിൽ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.ദിനേശൻ മുഖ്യാതിഥിയായിരുന്നു. സുനിത കുറുമണ്ണിൽ, പി.പി.ഷീജ, കെ പി.സുരേന്ദ്രനാഥൻ, കെ.ശിവദാസൻ നായർ, കെ.രത്നാകരൻ, കെ.പി.സത്യൻ എന്നിവർ പ്രസംഗിച്ചു.