മുക്കം: മലബാറിന്റെ പ്രതീക്ഷകൾക്ക് പച്ചക്കൊടിയുമായി വയനാട് പാതയിൽ തുരങ്കമൊരുങ്ങുന്നു. തിരുവമ്പാടി പഞ്ചായത്തിന്റെ മലയോര ഭാഗമായ ആനക്കാംപൊയിലിൽ നിന്നാരംഭിച്ച് വയനാട്ടിലെ മേപ്പാടിയിലെത്തുന്ന ആനക്കാംപൊയിൽ -കള്ളാടി -മേപ്പാടി തുരങ്ക പാതയാണ് യാഥാർത്ഥ്യമാകുന്നത്. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയിൽ തുരങ്ക പാത സ്ഥാനം നേടിയതോടെ നാടും ജനവും ആഹ്ലാദത്തിലാണ്.
കിഫ്ബി ഫണ്ടിലാണ് തുരങ്കപാത നിർമ്മിക്കുക. അവസാനവട്ട അലൈൻമെന്റ് തയ്യാറാക്കി സർവെ ആരംഭിച്ചതോടെയാണ് സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയിൽ ഇടം പിടിക്കാനായത്. കൊങ്കൺ റെയിൽവേ കോർപ്പറേഷനാണ് നിർമ്മാണ ചുമതല. ഇവർ തയ്യാറാക്കിയ നാല് അലൈൻമെന്റുകളിൽ നിന്നാണ് അനുയോജ്യമായത് സ്വീകരിച്ചത്. ആനക്കാംപൊയിലിൽ നിന്നാരംഭിച്ച് മേപ്പാടി -കൽപ്പറ്റ- ബത്തേരി
മലയോര ഹൈവേയിൽ ചേരുന്ന പാതയാണ് കൂടുതൽ അനുയോജ്യമായി കണ്ടത്. ഡീറ്റെയിൽ പ്രോജക്ട് റിപ്പോർട്ട്
തയ്യാറാക്കിയാണ് ഫീൽഡ് സർവേ ആരംഭിച്ചത്. വനഭൂമി പൂർണമായും ഒഴിവാക്കിയാണ് തുരങ്കപാത നിർമ്മിക്കുക.
ആദ്യ അലൈൻമെന്റ്- 6.2 കിലോമീറ്റർ
പുതിയ അലൈൻമെന്റ്- 7.8 കിലോമീറ്റർ
ആദ്യം കരുതിയ ചെലവ്- 658 കോടി രൂപ
ഒരു കിലോമീറ്ററിന് -150 കോടി
മൂന്നു വർഷം കൊണ്ട് പ്രവൃത്തി പൂർത്തിയാകും. കോഴിക്കോട് ജില്ലയിൽ 300 മീറ്റർ നീളത്തിൽ റോഡും ഒരു പാലവുമുണ്ടാവും. തുരങ്ക പാത യാഥാർത്ഥ്യമാകുന്നതോടെ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളുടെ സമഗ്ര വികസനം ത്വരിതഗതിയിലാകും.
ജോർജ് എം.തോമസ്
തിരുവമ്പാടി എം.എൽ.എ