കോഴിക്കോട് : കക്കോടി പൂവത്തൂർ നിതിനം വീട്ടിൽ ദിനേശൻ ആത്മഹത്യ ചെയ്തത് സി.പി.എം - ഡി.വൈ.എഫ്‌.ഐ ഭീഷണിയെ തുടർന്നാണെന്ന് ആരോപണം. പാ‌ർട്ടിക്കാ‌ർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിനെ തുടർന്നുള്ള കടുത്ത മാനസികസംഘർഷമാണ് ദിനേശനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പരാതി.

പൊലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ആത്മഹത്യയ്ക്ക് കാരണക്കാരായ സി.പി.എം, ഡി.വൈ.എഫ്‌.ഐ നേതാക്കളുടെ പേരുകൾ കത്തിൽ പരാമർശിച്ചിട്ടുണ്ടെന്നാണ് വിവരം.

പൊലീസിൽ സമ്മർദ്ദം ചെലുത്തി കേസ് തേച്ചുമായ്ക്കാൻ ശ്രമം നടക്കുന്നതായി ബി.ജെ.പി കുറ്റപ്പെടുത്തി. സംഭവം സമഗ്രമായി അന്വേഷിക്കണമെന്ന് ബി.ജെ.പി നേതാക്കൾ ആവശ്യപ്പെട്ടു.

പൂവത്തൂരിലെ പരേതനായ ഗോപാലൻ നായരുടെയും സരോജിനിയുടെയും മകനാണ് ദിനേശൻ. ഭാര്യ: ലത. മകൻ: അഭിനന്ദ്.