news
പ​റ​മ്പ​ത്ത് ​രാ​ധാ​കൃ​ഷ്ണൻ മാ​സ്റ്റർ

ജനങ്ങളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ്, അവരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുമ്പോഴാണ് പൊതുപ്രവർത്തകർ യഥാർത്ഥ ജനസേവകരായി മാറുന്നത്. സമൂഹത്തിന്റെ, നാടിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിയുന്നതിലൂടെയാണ് പൊതുപ്രവർത്തകർക്ക് ജനങ്ങളുടെ മനസ്സിൽ സ്ഥാനം പിടിക്കാനാവുന്നത്.

എൻ.സി.പി കുറ്റ്യാടി നിയോജക മണ്ഡലം പ്രസിഡന്റായ റിട്ട. പ്രധാനാദ്ധ്യാപകൻ വേളം ചെറുകുന്നിലെ പറമ്പത്ത് രാധാകൃഷ്ണൻ ഇത് പറയുന്നത് എങ്ങനെയായിരിക്കണം ഒരു പൊതുപ്രവർത്തകൻ എന്ന സങ്കല്പം മുറുകെപ്പിടിച്ചുകൊണ്ടാണ്. ജനപ്രതിനിധിയാവാതെ തന്നെ ജനസേവനത്തിന്റെ മാതൃക തീർക്കാൻ സമർപ്പിതമനസ്സുണ്ടെങ്കിൽ കഴിയുമെന്ന് ഇദ്ദേഹം അനുഭവസാക്ഷ്യങ്ങളിലൂടെ അടിവരയിടുകയാണ്.

പൊതുവെ അടിസ്ഥാന സൗകര്യങ്ങൾ ഏറെ വന്നെങ്കിലും വർത്തമാനകാലത്ത് ജനങ്ങളുടെ അടിയന്തരാവശ്യങ്ങൾ പലതായി കൂടുന്നേയുള്ളൂ. അവ തിരിച്ചറിഞ്ഞ്, മുൻഗണനാക്രമത്തിൽ പരിഹരിക്കാൻ മുന്നിട്ടു നീങ്ങുകയെന്നതാണ് പൊതുപ്രവർത്തകരുടെ കടമ. നാടിന്റെ നവനിർമ്മാണ പ്രക്രിയയിൽ യുവതയുടെ കരുത്ത് പരമാവധി പ്രയോജനപ്പെടുത്തേണ്ടതുണ്ട്. കാർഷിക സംസ്കൃതി കൂടി ഉൾക്കൊണ്ട് കൂടുതൽ യുവാക്കൾ കർമ്മരംഗത്തേക്ക് ഇറങ്ങിയാൽ മാറ്റം ഊഹിക്കാവുന്നതിനും അപ്പുറമായിരിക്കുമെന്ന കാഴ്ചപ്പാടാണ് രാധാകൃഷ്ണൻ മാസ്റ്ററുടേത്.

 കൈവിടരുത് മുല്യങ്ങൾ

രാഷ്ട്രീയത്തിലും മൂല്യച്യുതി പടരുമ്പോൾ രാഷ്ട്രം നേരിടുന്ന വെല്ലുവിളികൾ കുറച്ചൊന്നുമല്ല. ഇന്നത്തെ ഇന്ത്യയിൽ ഇടതുപക്ഷ മതേതര പ്രസ്ഥാനങ്ങൾ കരുത്താർജ്ജിക്കേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഇദ്ദേഹം. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി എപ്പോഴും ലക്ഷ്യമിടുന്നത് യഥാർത്ഥ മതേതര ഇന്ത്യയാണ്.

സർക്കാർ പ്രഖ്യാപിക്കുന്ന പദ്ധതികൾ നടപ്പിലാക്കാൻ ജനപ്രതിനിധികൾ ജനങ്ങൾക്കൊപ്പം തന്നെ നിലയുറപ്പിക്കണം. അടി ത്തട്ടിലുള്ളവർക്ക് സർക്കാർ ആനുകൂല്യം ഉറപ്പാക്കാൻ ഇതു വഴി കഴിയുമെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.

 തുടക്കം കെ.എസ്.യു വിലൂടെ

പ്രാഥമിക വിദ്യാഭ്യാസം ജന്മനാട്ടിൽ തന്നെയായിരുന്നു. തുടർന്ന് വട്ടോളി നാഷണൽ ഹൈസ്കുളിൽ. എസ്.എസ്.എൽ.സി കഴിഞ്ഞ് പേരാമ്പ്ര സി.കെ.ജി കോളേജിലെത്തി. 1974 - 75 കാലഘട്ടത്തിൽ അവിടെ കേരള വിദ്യാർത്ഥി യൂണിയന്റെ പ്രവർത്തനങ്ങളിൽ സജീവമായി. പൊതുപ്രവർത്തനത്തിന്റെ തുടക്കം അതിലൂടെയായിരുന്നു.

സി.കെ.ജി യിൽ നിന്നു തുടർപഠനത്തിനെത്തിയത് തമിഴ്നാട്ടിലെ മധുര മഹാത്മാഗാന്ധി റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ. പ്രമുഖ ഗാന്ധിയൻ ജി.രാമചന്ദ്രന്റെ കീഴിൽ ഗാന്ധിയൻ വിദ്യാഭ്യാസമാതൃക പഠിക്കാൻ അവിടെ നിന്നു കഴിഞ്ഞു. ജ്ഞാനികളായ അദ്ധ്യാപകരുടെ ഓരോ ക്ലാസും വലിയ അനുഭവം തന്നെയായിരുന്നു. ഇന്ത്യയിലെ ഒട്ടെല്ലാ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുമുണ്ടായിരുന്നു അവിടെ. വ്യത്യസ്ത ദേശക്കാരുമായി ഇടപഴകാൻ കഴിഞ്ഞതിലൂടെയും പലതും പഠിക്കാനായി. മലയാള സിനിമയുടെ വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ തുടങ്ങി പലരും അക്കാലത്ത് കാമ്പസിലെത്തിയിരുന്നു. പ്രശസ്തരുടെ അദ്ധ്യാപന രീതികൾ സ്വാംശീകരിക്കാൻ അവസരം ലഭിച്ചത് പിന്നീട് വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ മുതൽക്കൂട്ടായി. മഹാത്മാഗാന്ധി റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠനം പൂർത്തിയാക്കി മടങ്ങിയ ശേഷം 1983-ൽ കുറ്റ്യാടി നിട്ടൂർ എം.എൽ.പി സ്കൂളിൽ അദ്ധ്യാപകനായി ചേർന്നു. ഒപ്പം സാമൂഹ്യ - സാംസ്കാരിക - രാഷ്ട്രീയ മേഖലകളിലും സജീവമായി.

അഖിലേന്ത്യാതലത്തിൽ കോൺഗ്രസ് പിളർന്നപ്പോൾ അന്നത്ത യുവതുർക്കികളായ എ.കെ.ആന്റണി, പി.സി.ചാക്കോ എന്നിവരോടായിരുന്നു താത്പര്യം കൂടുതൽ. എന്നാൽ, കോഴിക്കോട് നിന്നുള്ള കെ.പി.ഉണ്ണികൃഷ്ണൻ, എ.സി.ഷൺമുഖദാസ്, സിറിയക് ജോൺ, പി.എം.സുരേഷ് ബാബു തുടങ്ങിയ നേതാക്കളോടുള്ള വ്യക്തിപരമായ അടുപ്പം കോൺഗ്രസ് എസിനോട് അടുപ്പിച്ചുനിറുത്തി. തുടർന്ന് പാർട്ടിയുടെ വേളം മണ്ഡലം സെക്രട്ടറിയായും പിന്നീട് പ്രസിഡന്റായും പ്രവർത്തിച്ചു. അക്കാലത്ത് വടകര, കുറ്റ്യാടി, നാദാപുരം, മേഖലകളിലെ അറിയപ്പെടുന്ന കോൺഗ്രസ് നേതാക്കളായ കെ.പി.കുഞ്ഞിക്കണ്ണൻ, ടി.വി.അപ്പുണ്ണി നായർ, അരൂർ പത്മനാഭൻ തുടങ്ങിയവരൊന്നിച്ച് പ്രവർത്തിക്കാൻ അവസരം ലഭിച്ചു.

1981 മുതൽ ഇടതുപക്ഷ സ്ഥാനാർത്ഥികൾക്കൊപ്പം തിരഞ്ഞെടുപ്പ് വേദികളിൽ സജീവസാന്നിദ്ധ്യമാകാൻ കഴിഞ്ഞു. പാർട്ടിയ്ക്കുമപ്പുറത്ത് മാതൃകയായി കണ്ട നേതാക്കളായിരുന്നു ഇ.കെ നായനാർ, എ.കണാരൻ, എം. കേളപ്പൻ തുടങ്ങിയവർ.

കോൺഗ്രസ് എസ് നാഷണലിസ്റ്റ് കോൺഗ്രസിൽ ലയിച്ചതോടെ പാർട്ടിയുടെ മേപ്പയൂർ നിയോജകമണ്ഡലം സെക്രട്ടറിയായി. കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോൾ കുറ്റ്യാടി മണ്ഡലം പ്രസിഡന്റെന്ന ചുമതലയ്ക്കു പുറമെ കോഴിക്കോട് ജില്ലാ ഭക്ഷ്യ ഉപദേശക സമിതി അംഗം, കുറ്റ്യാടി ഡയാലിസിസ് സെന്റർ വൈസ് ചെയർമാൻ, കുറ്റ്യാടി ഗവ. ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗം, ചെറുകുന്ന് സംസ്കൃതി സാംസ്കാരിക സമിതി പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു വരുന്നു.

നേരത്തെ വേളം സർവിസ് സഹകരണ ബാങ്കിന്റെ ഡയരക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ധ്യാപക സംഘടനകളായ എൻ.എസ്.ടി.എ, കെ.പി.പി.എച്ച്.എ എന്നിവയിലും മുൻനിരയിലുണ്ടായിരുന്നു.

എത്ര തിരക്കിലായാലും എഴുത്തിനും വായനയ്ക്കും മുടക്കമില്ല. സ്വകാര്യ ലൈബ്രറിയിൽ ആയിരത്തിൽപരം പുസ്തകങ്ങളുണ്ട്. കവിതയും കഥയും മറ്റുമായി നൂറിലധികം രചനകൾ ആനുകാലിക പ്രസിദ്ധികരണങ്ങളിൽ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. കുട്ടിക്കാലത്ത് ബാലമാസികകളിലും കഥ എഴുതാറുണ്ടായിരുന്നു.

നിട്ടൂർ എം.എൽ.പി സ്കൂളിൽ നിന്നു പ്രധാനാദ്ധ്യാപകനായി സർവിസിൽ നിന്നു വിരമിച്ചത് 2015 ലാണ് ; 33 വർഷത്തെ സേവനത്തിനു ശേഷം. സാധാരണ പതിവുള്ള യാത്രയയപ്പ് ചടങ്ങിന് വലിയ സാമ്പത്തിക ബാദ്ധ്യത വരുമെന്നിരിക്കെ അത്തരമൊരു ചടങ്ങ് വേണ്ടെന്ന് വച്ച് സ്കൂളിന്റെ പടിയിറങ്ങുകയായിരുന്നു.

പിന്നീട് പൊതുപ്രവ‌ർത്തനരംഗത്ത് മുഴുവൻ സമയവും മുഴുകി. അപ്പോഴും വീട്ടുവളപ്പിലെ കൃഷിയ്ക്കും മൃഗപരിപാലനത്തിനുമെല്ലാം സമയം കണ്ടെത്തി. കൊവിഡ് ലോക്ക് ഡൗൺ കാലത്ത് കൃഷിയിൽ കൂടുതൽ സജീവമായി. ചേമ്പ്, ചേന, വാഴ, ഇഞ്ചി, മഞ്ഞൾ, ഫലവർഗങ്ങൾ അങ്ങനെ പലതിലേക്കും തിരിഞ്ഞു. മഴവെള്ളം പാഴാകാതെ സൂക്ഷിച്ച് ഉപയോഗിക്കാവുന്ന സംവിധാനവും അതിനിടയ്ക്ക് തീർത്തു. എഴുത്തിന്റെയും വായനയുടെയും വസന്തകാലം കൂടിയായി ലോക്ക് ഡൗൺ വേള.

നാട്ടിൻപുറത്തിന്റെ രാഷ്ട്രീയനേതാവായി, കലാ സാംസ്കാരിക പ്രവർത്തകനായി നീങ്ങുന്നതിലാണ് രാധാകൃഷ്ണൻ മാസ്റ്ററുടെ സായൂജ്യം. കൃഷിയെ നെഞ്ചിലേറ്റുമ്പോൾ ഉണർവ്വിന്റെ സന്ദേശം പടർത്തുകയാണ് ഇദ്ദേഹം. എഴുത്തിനും വായനയ്ക്കും ആവോളം സമയം കണ്ടെത്താനാവുന്നതിലൂടെ അങ്ങനെയും ആത്മസംതൃപ്തി.

കുടുംബം

വേളം ചെറുകുന്നിലെ പറമ്പത്ത് കുഞ്ഞിരാമൻ നമ്പ്യാരുടെയും പാർവതി അമ്മയുടെയും മകനാണ് രാധാകൃഷ്ണൻ. ഭാര്യ മിനിജ മുക്കം മണാശ്ശേരി സ്വദേശിനിയാണ്. മൂത്ത മകൻ അഭിജിത്ത് കൃഷ്ണ ഊരാളുങ്കൽ കൺസ്ട്രക്‌ഷൻ കമ്പനിയിൽ പ്രോജക്ട് എൻജിനിയർ. മകൾ അനുശ്രീ ഗുരുവായൂരപ്പൻ കോളേജിൽ മാത്തമാറ്റിക്സ് ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥിനി. മരുമകൾ അമൃത അഭിജിത്തും ഊരാളുങ്കൽ കൺസ്ട്രക്‌ഷൻ കമ്പനിയിൽ എൻജിനിയറാണ്.

RA പറമ്പത്ത് രാധകൃഷ്ണൻ മാസ്റ്ററും ഭാര്യ: മിനിജ, മക്കളായ, അഭിജിത്ത് കൃഷ്ണ, അനുശ്രീ, മരുമകൾ അമൃത എന്നിവർക്ക് ഒപ്പം വേളം, ചെറുകുന്ന്, പറമ്പത്ത് രാധാകൃഷ്ണൻ മാസ്റ്റർ