കടകൾ രാത്രി 9 വരെ പ്രവർത്തിക്കാം
വിവാഹങ്ങളിൽ 50 പേർക്ക് പങ്കെടുക്കാം
സംസ്‌കാര ചടങ്ങുകളിൽ 20 പേർ
കായിക പരിശീലന കേന്ദ്രങ്ങൾ മാനദണ്ഡങ്ങൾക്കനുസൃതമായി പ്രവർത്തിക്കാം
കൽപ്പറ്റ: കൊവിഡ് 19 വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ വയനാട് ജില്ലയിൽ കണ്ടെയ്ൻമെന്റ് സോൺ ഒഴികെയുള്ള സ്ഥലങ്ങളിൽ ഇളവുകൾ അനുവദിച്ചതായി ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു.
വിവാഹ അനുബന്ധ ചടങ്ങുകൾക്ക് പരമാവധി 50 ആളുകൾക്കും ശവസംസ്‌കാരം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 പേർക്കും പങ്കെടുക്കാം. ഈ ചടങ്ങുകൾക്ക് പൊലിസ് അധികാരികളിൽ നിന്ന് അനുമതി വാങ്ങേണ്ടതില്ല. എന്നാൽ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിൽ വിവരം അറിയിക്കണം. ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ പേര് വിവരം രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതും സാമൂഹ്യ അകലം. മുഖാവരണം എന്നിവ പാലിക്കേണ്ടതുമാണ്. ചടങ്ങുകൾ നടക്കുന്നയിടത്ത് സാനിറ്റൈസർ, കൈ കഴുകുവാനുള്ള സൗകര്യം ഏർപ്പെടുത്തണം.
കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച മാനദണ്ഡങ്ങൾക്കനുസൃതമായി ജിംനേഷ്യം, യോഗ സെന്റർ, മറ്റ് കായിക പരിശീലന കേന്ദ്രങ്ങൾ എന്നിവ കാഴ്ചക്കാർ ഇല്ലാതെ തുറന്ന് പ്രവർത്തിക്കാവുന്നതാണ്. സമയം നിശ്ചയിച്ച്, സ്ഥാപനത്തിലെ വിസ്തൃതിക്ക് അനുസൃതമായി മാത്രമെ ആളുകളെ പ്രവേശിപ്പിക്കാവൂ.
തുറന്ന മൈതാനങ്ങൾ, സ്റ്റേഡിയങ്ങൾ എന്നിവയിൽ കായിക പരിശീലനം കാണികൾ ഇല്ലാതെ നടത്തുന്നതിനും അനുമതി നൽകി. ടർഫുകൾ, ഇൻഡോർ സ്റ്റേഡിയങ്ങൾ എന്നിവയ്ക്ക് നേരത്തെ പ്രവർത്തനാനുമതി നല്കിയിരുന്നു.
കണ്ടെയ്ൻമെന്റ് സോണുകളിലൊഴികെ കടകളുടെ പ്രവർത്തന സമയം രാവിലെ 7 മുതൽ രാത്രി 9 മണിവരെയായി നിജപ്പെടുത്തിയതായും കലക്ടർ അറിയിച്ചു. വ്യാപാര സ്ഥാപനങ്ങൾ, പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ എത്തുന്നവർ https://covid19jagratha.
താളൂർ, നമ്പ്യാർകുന്ന് എന്നിവിടങ്ങളിലേയ്ക്കുള്ള ബസ് സൗകര്യം യഥാക്രമം ചുള്ളിയോട്, കുടുക്കി എന്നിവിടങ്ങളിൽ യാത്ര അവസാനിപ്പിച്ചിരുന്നു. ഈ നിയന്ത്രണം നീക്കി.
ഇളവുകൾ പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, ചടങ്ങുകൾ എന്നിവയിൽ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന പക്ഷം കർശന നിയമ നടപടികൾ സ്വീകരിക്കും. ഇളവുകൾ കണ്ടെയ്ൻമെന്റ് സോണുകളിൽ ബാധകമല്ല.
കണ്ടെയ്ൻമെന്റ് സോൺ
പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ 2, 11, 14 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.