കൽപ്പറ്റ: മോദി സർക്കാരിന്റെ പിടിപ്പുകേട് രാജ്യത്തെ ലോകത്തിലെ തന്നെ ഏറ്റവും വലിയ കൊവിഡ് ഹോട്ട് സ്‌പോട്ടാക്കി മാറ്റിയെന്ന് രാഹുൽ ഗാന്ധി എം.പി. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് എം.എസ്.ഡി.പി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഓൺലൈനതിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൊവിഡിനെ ഫലപ്രദമായി പ്രതിരോധിക്കുവാൻ കഴിയാത്തതിനാലാണ് രാജ്യം ഇന്ന് വലിയ പ്രതിസന്ധി നേരിടുന്നത്. എന്നും സാമ്പത്തികരംഗം പാടെ തകർന്ന് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡിനെ ശക്തമായി പ്രതിരോധിച്ച വയനാട്ടിലെ ആരോഗ്യ പ്രവർത്തകരെ രാഹുൽ ഗാന്ധിഅനുമോദിച്ചു.
കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഒരു കോടി രൂപ വകയിരുത്തി മേപ്പാടി കുടുംബാരോഗ്യ കേന്ദ്രം കെട്ടിടം നിർമ്മിച്ചത് ജില്ലാ നിർമ്മിതികേന്ദ്രമാണ്. ചടങ്ങിൽ കെ.സി.വേണുഗോപാൽ എംപി സന്നിഹിതനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ അദ്ധ്യക്ഷത വഹിച്ചു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി സ്വാഗതവും

മെഡിക്കൽ ഓഫീസർ ഡോ. ഷാഹിദ് നന്ദിയും പറഞ്ഞു.

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനില തോമസ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിൻസി സണ്ണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജഷീർ പള്ളിവയൽ, റോഷ്ന യൂസഫ്, പി.സി.മമ്മൂട്ടി, ബിന്ദു പ്രതാപൻ, എച്ച് എം സി അംഗം സുരേഷ് എന്നിവർ സംസാരിച്ചു.