മാനന്തവാടി: വയനാട്ടിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച സ്ത്രീക്ക് സിസേറിയൻ നടത്തി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. സിസേറിയന് നേതൃത്വം നൽകിയത് ദമ്പതിമാരായ ഡോക്ടർമാർ. മുട്ടിൽ സ്വദേശിയായ 27കാരിക്കാണ് ഇന്നലെ സിസേറിയൻ നടത്തിയത്. സഹോദരന് കൊവിഡ് ബാധിച്ചതിനെ തുടർന്ന് യുവതി ക്വാറന്റൈനിൽ കഴിയുകയായിരുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്ക് യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുകയും, ഇന്നലെ ഉച്ചയോടെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചതിനാൽ ജില്ലാ ആശുപത്രിയിലെ കൊവിഡ് സെന്ററിൽ പ്രത്യേകമായി സജ്ജീകരിച്ച ഓപ്പറേഷൻ തിയ്യറ്ററിൽ വച്ച് സിസേറിയൻ നടത്തുകയായിരുന്നു.
യുവതിയുടെ രണ്ടാമത്തെ പ്രസവത്തിൽ ആൺകുട്ടിക്കാണ് ജന്മം നൽകിയത്. ആദ്യത്തേത് ഇരട്ടക്കുട്ടികളാണ്.
മാനന്തവാടി ജില്ലാ ആശുപത്രിയിലെ അനസ്‌തേഷ്യ ഡോക്ടർ ഉസ്മാൻ, ഭാര്യയും ഗൈനക്കോളജിസ്റ്റുമായ ഡോ. നസീറ ബാനു, സ്റ്റാഫ്നഴ്സ് പി.ആർ.ബിന്ദു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.