സുൽത്താൻ ബത്തേരി: ബത്തേരിയിൽ ഇന്നലെ എട്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ബത്തേരിയിലെ സ്വകാര്യ ബാങ്കായ ഇൻസാഫിലെ ഒരു ജീവനക്കാരനും മന്തൊണ്ടിക്കുന്നിലെ ഒരു കുടുംബത്തിലെ അഞ്ച് പേർക്കും ഇവരുടെ വീട്ടിൽ ജോലിക്ക് നിൽക്കുന്ന കല്ലുവയൽ സ്വദേശിക്കുമാണ് സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടത്. മൈസൂരിൽ നിന്നെത്തിയ കല്ലുവയൽ സ്വദേശിയാണ് പോസിറ്റീവ് ആയ മറ്റൊരാൾ.

ബാങ്ക് ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് ബാങ്ക് അടപ്പിച്ചു. കൊവിഡ് സ്ഥിരീകരിച്ചവരുടെ സമ്പർക്കത്തിലായവർ നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
രോഗവ്യാപനം വർദ്ധിച്ചതോടെ ബത്തേരിയിലെ പബ്ലിക് ഹെൽത്ത് ലാബിൽ ദിവസേനയുള്ള കൊവിഡ് പരിശോധനകളും വർദ്ധിപ്പിച്ചു. ജില്ലയിലെ മുഴുവൻ ആർ.ടി.പി.സി.ആർ പരിശോധനയും ഇപ്പോൾ ബത്തേരി ലാബിലാണ് നടത്തുന്നത്. നേരത്തെ ഇത് കോഴിക്കോടായിരുന്നു നടത്തിയിരുന്നത്. 250-ഓളം ആർ.ടി.പി.സി.ആർ പരിശോധന ഫലങ്ങളാണ് ഒരു ദിവസം പുറത്ത് വിടുന്നത്. ഇതിനു പുറമെ ട്രൂനാറ്റ് ,ആന്റിജൻ പരിശോധനകളും നടത്തുന്നുണ്ട്. രോഗവ്യാപനം ഇനിയും കൂടിയാൽ പ്രാഥമിക ചികിൽസാകേന്ദ്രങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനാണ് നീക്കം. ഇപ്പോൾ ബത്തേരി മേഖലയിൽ ബത്തേരി സെന്റ്‌മേരീസ് കോളേജ് ഹയർ സെക്കൻഡറി സ്‌കൂളിൽ സജ്ജമാക്കിയ പ്രഥമിക ചികിൽസാകേന്ദ്രവും താലൂക്ക് ആശുപത്രിയിലെ കേന്ദ്രവുമാണ് കിടത്തി ചികിൽസയ്ക്ക് സൗകര്യമുള്ളത്.