നാദാപുരം:പഞ്ചായത്തിൽ നാല് പദ്ധതികൾ ഉദ്ഘാടനത്തിന് ഒരുങ്ങി.കല്ലാച്ചി കോടതി റോഡിലെ പൊതു ശൗചാലയം, പഞ്ചായത്ത് മീറ്റിംഗ് ഹാൾ എന്നിവ ഇന്നും വയോജന പാർക്ക്, ഡിജിറ്റൽ ലൈബ്രറി എന്നിവ ശനിയാഴ്ചയും ഉദ്ഘാടനം ചെയ്യുമെന്ന് പഞ്ചായത്ത് ഹാളിലെ വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് എം.കെ. സഫീറ, വൈസ് പ്രസിഡന്റ് സി.വി. കുഞ്ഞികൃഷ്ണൻ എന്നിവർ അറിയിച്ചു. പതിനേഴ് ലക്ഷം രൂപ ചെലവിലാണ് ശൗചാലയം നിർമ്മിച്ചത്.മീറ്റിംഗ് ഹാളിന് അഞ്ചുലക്ഷം രൂപയും ചെലവായി. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ ചിയ്യൂർ ആറാം വാർഡിൽ 33 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച വയോജന പാർക്കിന്റെയും പഞ്ചായത്ത് വളപ്പിൽ പതിനാലര ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ഡിജിറ്റൽ ലൈബ്രറിയുടെയും ഉദ്ഘാടനം ശനിയാഴ്ച 11 മണിക്ക് കെ. മുരളീധരൻ എം.പി നിർവഹിക്കും. ഓരോ വാർഡിലും റോഡുകളുടെ പുനരുദ്ധാരണത്തിനായി 25 ലക്ഷം രൂപയുടെ പ്രത്യേക ഫണ്ടും അനുവദിച്ചിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബംഗ്ലത്ത് മുഹമ്മദ്, ബീന അണിയാരീമൽ എന്നിവരും പങ്കെടുത്തു.