bridge
പാലത്തിനടിയിൽ മാലിന്യങ്ങൾ നിറഞ്ഞ് ഒഴുക്ക് തടസപ്പെട്ട നിലയിൽ

കോഴിക്കോട്: മഴവെള്ളപ്പാച്ചിലിൽ ചാത്തമംഗലം, കുന്ദമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കമ്മാണ്ടിക്കടവ് പാലത്തിനടിയിൽ മാലിന്യങ്ങൾ അടഞ്ഞുകൂടി. പ്ലാസ്റ്റിക് കുപ്പികളും മരങ്ങളും വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുത്തുകയാണ്. രണ്ട് പ്രളയത്തിലും ടൺ കണക്കിന് മാലിന്യങ്ങളാണ് അടിഞ്ഞ് കൂടിയിരുന്നത്. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ അവ നീക്കം ചെയ്തിരുന്നു. അറവ് മാലിന്യങ്ങൾ തള്ളിയത് ദുർഗന്ധത്തിന് ഇടയാക്കുന്നു. സമീപത്തെ കുടുംബങ്ങൾ കുളിക്കാൻ ആശ്രയിക്കുന്ന പുഴയാണിത്. പാലം നിർമ്മാണത്തിലെ അനാസ്ഥയാണ് മാലിന്യം അടഞ്ഞുകൂടാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. പാലത്തിന്റെ തൂണുകൾ റിംഗ് ടൈപ്പിലാണ് നിർമ്മിച്ചത്. രണ്ടര മീറ്രർ വ്യാസമുള്ള റിംഗുകളിലൂടെ വലിയ മരങ്ങൾ ഒഴുകി പോകില്ല. ഇതാണ് ഒഴുക്ക് തടസമാകാൻ കാരണം. കഴിഞ്ഞ പ്രളയത്തിൽ പാലത്തിന്റെ കൈവഴികൾ പൂർണമായി നശിച്ചിട്ടുണ്ട്.