പേരാമ്പ്ര: കടിയങ്ങാട് -പെരുവണ്ണാമൂഴി റോഡിൽ മദ്രസ സ്റ്റോപ്പിന് സമീപം കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം കെട്ടിക്കിടക്കുന്നത് കൊതുക് പെരുകുന്നതിന് ഇടയാക്കുന്നു. ഒന്നര മാസമായിട്ടും പെെപ്പ് നന്നാക്കാൻ വാട്ടർ അതോറിറ്റി തയ്യാറായില്ല. മഞ്ഞപ്പിത്തം ഉൾപ്പെടെ പകർച്ച വ്യാധികൾ പടരുന്ന സാഹചര്യത്തിൽ വെള്ളക്കെട്ട് ഭീതിയുയർത്തുകയാണ്. ആരോഗ്യ വകുപ്പും ഗൗനിച്ചിട്ടില്ല. ഇവിടെ കക്കൂസ് മാലിന്യമുൾപ്പെടെ തള്ളാറുണ്ട്. പമ്പിംഗ് നിർത്തുന്ന സമയം മലിന ജലം പൊട്ടിയ പൈപ്പിലൂടെ അകത്തു കടന്ന് വെള്ളം കൂടുതൽ മലിനമാകാനും സാദ്ധ്യതയുണ്ട്. ചക്കിട്ടപാറ, ചെമ്പനോട, ചങ്ങരോത്ത് പേരാമ്പ്ര ഭാഗങ്ങളിലേക്കുള്ള കുടിവെള്ള പൈപ്പാണിത്. മുപ്പത് വർഷം പഴക്കമുള്ള സിമന്റ് പൈപ്പിലൂടെയാണ് വെള്ളം വരുന്നത്. സിമന്റ് പൈപ്പിന് പകരം ജി.ഐ പൈപ്പോ, കാസ്റ്റ് അയേൺ പൈപ്പോ സ്ഥാപിച്ചാൽ പ്രശ്നത്തിന് പരിഹാരമാകും.