കോഴിക്കോട്: കൊവിഡിൽ തുടങ്ങിയ ഓൺലൈൻ പഠനം മൂന്ന് മാസം പിന്നിടുമ്പോൾ കുട്ടികളുടെ ആരോഗ്യ കാര്യത്തിൽ കരുതൽ വേണമെന്ന് ആരോഗ്യ വിദഗ്ധർ.
പഠനം ക്ലാസ് മുറിയിൽ നിന്ന് ഓൺലൈനിലേക്ക് മാറിയതിന്റെ ഗുണദോഷങ്ങൾ വിലയിരുത്താൻ സമയമായെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ നിരീക്ഷണം.
ഡിജിറ്റൽ മീഡിയയുടെ ആരോഗ്യകരമായ ഉപയോഗം കുട്ടികളുടെ ബുദ്ധിപരമായ വളർച്ചയ്ക്ക് സഹായകരമാണെന്നാണ് ഇംഹാൻസ് (ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെന്റൽ ഹെൽ ത്ത് ആൻഡ് ന്യൂറോ സയൻസസ്) ഉൾപ്പെടെ വ്യക്തമാക്കുന്നത്. എന്നാൽ അനിയന്ത്രിതവും അനാരോഗ്യകരവുമായ ഡിജിറ്റൽ മീഡിയ ഉപയോഗം കുട്ടികളിൽ ശാരീരിക, മാനസിക പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കുമെന്ന് ഓൺലൈൻ പഠനം സംബന്ധിച്ച് ഇംഹാൻസ് പുറത്തിറക്കിയ മാർഗരേഖയിൽ പറയുന്നു.
ദിവസവും ഒന്നോ രണ്ടോ മണിക്കൂർ വീടിന് പുറത്ത് കൂട്ടുചേർന്ന് കളിക്കുകയെന്നത് ദിനചര്യയാക്കണം. ഉറക്കം, കളികൾ എന്നിവയെ ഓൺലൈൻ പഠനം ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഭക്ഷണ സമയത്തും ഉറക്കത്തിന് മുമ്പും ഡിജിറ്റൽ മീഡിയ ഉപയോഗം ഒഴിവാക്കണം. സോഷ്യൽ മീഡിയയുടെ ഉപയോഗം രക്ഷിതാക്കൾ നിരീക്ഷിക്കണം. പ്രീപ്രൈമറി ക്ലാസുകളിലെ കുട്ടികൾക്ക് ഓൺലൈൻ വഴിയുള്ള പഠനം പരമാവധി ഒഴിവാക്കണം. പ്രൈമറി ക്ലാസുകളിൽ ഒരു മണിക്കൂർ മാത്രമായി ഓൺലൈൻ പഠനം പരിമിതപ്പെടുത്തണം. മുതിർന്ന കുട്ടികളിൽ ഓൺലൈൻ ക്ലാസുകൾ കൃത്യമായ ഇടവേളകൾ നൽകി ക്രമീകരിക്കണം തുടങ്ങിയ നിർദ്ദേശങ്ങളും ഇംഹാൻസിന്റെ മാർഗ രേഖയിൽ വ്യക്തമാക്കുന്നു.
അദ്ധ്യാപകർ ശ്രദ്ധിക്കാൻ
ഓൺലൈൻ പാഠങ്ങൾ എല്ലാ കുട്ടികൾക്കും ഒരുപോലെ ലഭ്യമാക്കണം
റെക്കോർഡ് ചെയ്ത് വീണ്ടും ഉപയോഗിക്കാൻ സൗകര്യമൊരുക്കുക
ക്ലാസുകൾ വിവിധ മാദ്ധ്യമങ്ങളിലൂടെ ലഭ്യമാക്കുക.
അദ്ധ്യാപക- വിദ്യാർത്ഥി സംവാദത്തിന് അവസരമൊരുക്കുക
വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ കുട്ടികളെ വിലയിരുത്തുന്നത് ഒഴിവാക്കുക
ആർട്ട്, ക്രാഫ്റ്റ്, ലൈബ്രറി, പി.ടി എന്നിവയ്ക്ക് സമയം ക്രമീകരിക്കുക
ഹോം വർക്കുകൾ പരമാവധി കുറയ്ക്കുക
ക്ലാസ് സമയം 30-40 മിനുറ്റായി ക്രമീകരിക്കുക
വിശ്രമം അനുവദിക്കുക
തനിച്ചല്ല, അദ്ധ്യാപകരും കൂടെയുണ്ടെന്ന ബോധം വളർത്തുക
മാതാപിതാക്കൾ അറിയാൻ
ക്ലാസുകളിൽ കുട്ടികൾക്കൊപ്പം ഇരിക്കരുത്
മറ്റു കുട്ടികളുമായി താരതമ്യം ചെയ്യരുത്
സ്വയം അദ്ധ്യാപകരായി കുട്ടികളിൽ സമ്മർദ്ദം ചെലുത്തരുത്
ദൃശ്യമാദ്ധ്യമ ഉപയോഗം നിയന്ത്രിക്കുക.
ചെറിയ ചുമതലകളും ജോലികളും കുട്ടികളെ ഏൽപ്പിക്കുക
കുട്ടികളോട്
പുസ്തകങ്ങൾ പഠിക്കുക
മൊബൈൽ, ടി.വി, കമ്പ്യൂട്ടർ സ്‌ക്രീനിൽ തുടർച്ചയായി നോക്കരുത്
പഠന കാര്യങ്ങൾ അദ്ധ്യാപകരുമായി പങ്കുവയ്ക്കുക
മറ്റുള്ള കുട്ടികളെ അനുകരിക്കാതിരിക്കുക
സങ്കടങ്ങളും സന്തോഷവും സുഹൃത്തിനോടോ രക്ഷിതാക്കളോടോ പങ്കുവയ്ക്കുക.
ശാരീരിക പ്രയാസങ്ങൾ
പൊണ്ണത്തടി
കണ്ണിന്റെ ആരോഗ്യം
വൈകാരിക, മാനസിക പ്രശ്‌നങ്ങൾ